ശബരിമല: സമരത്തില്‍ ബി.ജെ.പി മുന്നില്‍, തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുക യു.ഡി.എഫിനെന്ന് സര്‍വേ

0

ഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശവിവാദം ബി.ജെ.പിയുടെ വോട്ടു ഷെയര്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍, അക്കൗണ്ട് തുറക്കാനാകുമോയെന്ന് ഉറപ്പില്ലെന്ന് സര്‍വേഫലം. എല്‍.ഡി.എഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടുമ്പോള്‍ യു.ഡി.എഫ് 16 സീറ്റുകള്‍ വരെ സ്വന്തമാക്കാമെന്നും റിപ്പബ്ലിക് ടിവിയും സി വോട്ടറും ചേര്‍ന്നുള്ള സര്‍വേ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ പതിനാറും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന്റെ സീറ്റുകള്‍ നാലായി ചുരുങ്ങും. കേരളത്തില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഇക്കുറിയും അക്കൗണ്ട് തുറക്കാനാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

40.4 ശതമാനം വോട്ട് ഷെയര്‍ യുഡിഎഫിന് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ വോട്ട് ഷെയര്‍ 29.3 ശതമാനം ആയി കുറയും. കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സീറ്റ് നേടാന്‍ കച്ച മുറുക്കുന്ന ബിജെപിക്ക് 17.5 ശതമാനമാണ് വോട്ട് ഷെയര്‍ ലഭിക്കുക. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വോട്ടുകള്‍ ബിജെപിയിലേക്ക് എത്തും.

എങ്കിലും ബിജെപിക്ക് ഒരു സീറ്റ് വിജയിക്കാനുള്ള സാധ്യതകള്‍ സര്‍വേ നല്‍കുന്നില്ല. യുഡിഎഫില്‍ 16 സീറ്റില്‍ 10ഉം വിജയിക്കുക കോണ്‍ഗ്രസാണ്. വോട്ട് ഷെയറിലുണ്ടാകുന്ന ഭീമമായ നഷ്ടം എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുക. നേരത്തെ ‘എബിപി സീ വോട്ടര്‍ സര്‍വേ’യും സമാനമായ ഫലങ്ങളാണ് കേരളത്തില്‍ പ്രവചിച്ചത്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കേരളത്തില്‍ വന്‍ വിജയം സ്വന്തമാക്കുമെന്ന് എബിപി സര്‍വേ വ്യക്തമാക്കുന്നു. ആകെയുള്ള 20 സീറ്റില്‍ 16 സീറ്റും യുഡിഎഫ് നേടുമ്പോള്‍ എല്‍ഡിഎഫിന് ലഭിക്കുക നാല് സീറ്റുകള്‍ മാത്രമാണ്. ബിജെപിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന് സര്‍വേ പറയുന്നു. നിലവില്‍ 12 സീറ്റ് യുഡിഎഫ് സിറ്റിങ്ങ് സീറ്റാണ്. ഇതിന് പുറമേ എല്‍ഡിഎഫിന്റെ നാല് സീറ്റുകള്‍ കൂടി യുഡിഎഫ് പിടിച്ചെടുക്കും. ബിജെപി മികച്ച പ്രകടനം കാഴ്ച വെക്കുമെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയില്ലെന്നാണ് സര്‍വേ ഫലം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here