തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നും എന്നാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിക്കാറായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രത ഇതുപോയെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വിജയകരമാണ്. വളരെ കുറച്ച് ജനങ്ങള്‍ മാത്രമേ ഇവിടങ്ങളില്‍ വീടിനു പുറത്തിറങ്ങുന്നുള്ളൂ. ലോക്ക്ഡൗണ്‍ നിലവിലുള്ള മറ്റ് ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി.

ബ്ലാക്ക് ഫംഗസ് രോഗബാധ മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയരുന്നുണ്ട്. വീടുകള്‍ക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടുകളില്‍ പൊതുവേ കാണുന്ന ഒരുതരം പൂപ്പലാണിത്. ബ്ലാക് ഫംഗസ് പുതുതായി കണ്ടെത്തിയ ഒരു രോഗമല്ല. ഒരു ലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം കണ്ടുവന്നിരുന്നത്. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല ഇത്. അതുകൊണ്ടുതന്നെ രോഗബാധിതനായ ആള്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടാതെ മറ്റുള്ളവര്‍ തയ്യാറാകണം.

കടലില്‍ പോകാന്‍ സാധിക്കാത്തതിനാല്‍, മത്സ്യതൊഴിലാളികള്‍ക്ക് ഈ ഘട്ടത്തില്‍ ഭക്ഷ്യ കിറ്റ് നല്‍കും. പൈനാപ്പിള്‍ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിര്‍മാണ തൊഴിലാളികളെ പോലെ അവര്‍ക്ക് പൈനാപ്പാള്‍ തോട്ടത്തില്‍ പോകാന്‍ നിയന്ത്രണങ്ങളോടെ ജില്ലാ ഭരണ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കാം.

പാല്‍ വിതരണത്തില്‍ സംസ്ഥാനത്ത് വലിയ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. മില്‍മ ഉച്ചക്കുശേഷം പാല്‍ എടുക്കുന്നില്ല. ക്ഷീരകര്‍ഷകര്‍ വലിയ പ്രയാസം നേരിടുന്നു. വിതരണം ചെയ്യാന്‍ കഴിയാത്ത പാല്‍ സിഎഫ്എല്‍ടിസികള്‍, സിഎല്‍ടിസികള്‍, അങ്കണവാടികള്‍, വൃദ്ധസദനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍, അതിഥിത്തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ കൂടി വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here