തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതൽ പതിനാറാം തീയതി വരെ സമ്പൂർണ്ണ ലോക് ഡോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്നും നാളെയും അധിക സർവ്വീസുകൾ നടത്തും. ദീർഘ ദൂര യാത്രക്കാരുടെ ആവശ്യാനുസരണമായിരിക്കും ഇന്ന് (വ്യാഴം) രാത്രി മുതൽ നാളെ (വെള്ളി) രാത്രി വരെ പരമാവധി ബസുകൾ സർവ്വീസ് നടത്തുകയെന്ന് സി എം ഡി ബിജുപ്രഭാകർ ഐ എ എസ് അറിയിച്ചു.
ബാ​ഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദ്ദേശ പ്രകാരം എമർജൻസി ഇവാകുവേഷനു വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ട്.


കർണാടക സർക്കാർ അനുവദിച്ചാൽ അവിടെനിന്നും സർവീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെ എസ് ആർ ടി സി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസമാരെ അറിയിച്ചാൽ ആവശ്യമുള്ള സർവ്വീസുകൾ നടത്തും. അല്ലെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാലും അതിനുള്ള സജീകരണം ഒരുക്കും.
കൺട്രോൾ റൂം നമ്പർ

9447071021
0471 2463799

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക് പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ യൂണിറ്റ് ഓഫീസർമാരും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി കൂടുതൽ സർവീസുകൾ നടത്തണമെന്ന് സിഎംഡി നിർദ്ദേശവും നൽകിയിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂർണമായും അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ സംസ്ഥാനത്ത്  പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരം കടന്നിരുന്നു. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങൾ കൂടുതൽ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും  വ്യക്തമാക്കിയിരുന്നതാണ്. ഇതിനു പിന്നാലെയാണ് ഒൻപത് ദിവസത്തേക്ക് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടില്ല.

ഇതിനിടെ സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മൃതദേഹം സംസ്കരിക്കുന്നതിന് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ നടത്തുന്ന വൈദ്യുത ശ്മശാനമായ തൈക്കാട് ശാന്തികവാടത്തില്‍ വെള്ളിയാഴ്ച വൈകുന്നേരത്തേക്ക് വരെയുള്ള ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രതിദിനം 24 മൃതദേഹങ്ങള്‍ വരെയാണ് തൈക്കാട് ശാന്തികവാടത്തില്‍ ദഹിപ്പിക്കുന്നത്. ചില ദിവസങ്ങളില്‍ ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ എത്തും. അതിനാല്‍ സംസ്‌കാരത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. മുഴുവന്‍ സമയവും ശ്മശാനങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. കോവിഡ് ഇതര മൃതദേഹങ്ങള്‍ വിറകുചിതയിലും കോവിഡ് മൃതദേഹങ്ങള്‍ വൈദ്യുത-ഗ്യാസ് ചിതകളിലുമാണ് ശാന്തികവാടത്തില്‍ സംസ്‌കരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here