മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ നടപ്പാക്കാൻ ആലോചന. ഇന്ന് ചേർന്ന സര്‍വകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. പതിനഞ്ച് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗണ്‍ എന്ന നിർദേശമാണ് ഉയർന്നത്. എന്നാൽ പ്രതിപക്ഷമായ ബിജെപിയടക്കം ഇതിനെ എതിർത്തു എന്നാണ് വിവരം.
രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിന കോവിഡ് കേസുകൾ സര്‍വകാല റെക്കോഡിലാണ്. ഒരുലക്ഷത്തിലധികം കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ അതില്‍ പകുതിയിൽ കൂടുതലും മഹാരാഷ്ട്രയില്‍ നിന്നാണ്. വാരാന്ത്യ ലോക്ക്ഡൗണും രാത്രി കർഫ്യുവും അടക്കം നിയന്ത്രണങ്ങൾ കടുപ്പിച്ചെങ്കിലും രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ കർശന നടപടികൾ സംബന്ധിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രി ഇന്ന് സർവകക്ഷി യോഗം വിളിച്ചു ചേർത്തത്.
ഉപമുഖ്യമന്ത്രി അജിത് പവാർ, ആരോഗ്യ മന്ത്രി രാജേഷ് തോപെ, ആഭ്യന്തര മന്ത്രി ദിലീപ് വല്‍സെ പട്ടീൽ, റവന്യു മന്ത്രി ബാലസാഹെബ് തോപെ, കോണ്‍ഗ്രസ് നേതാവ് അശോക് ചവാൻ, മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാനാ പട്ടോൾ, നഗരവികസന വകുപ്പ് മന്ത്രി ഏക്നാഥ് ഷിണ്ഡെ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ദേവേന്ദ്ര ഫഡ്നവിസ്, ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടീൽ. ചീഫ് സെക്രട്ടറി സീതാറാം കുന്ദെ, ആരോഗ്യവകുപ്പ് സെക്രട്ടറി പ്രദീപ് വ്യാസ് എന്നിവരടക്കമുള്ളവർ ഓൺലൈൻ യോഗത്തിൽ പങ്കുചേർന്നിരുന്നു.
നിലവിലെ സാഹചര്യം നിയന്ത്രണത്തിലാക്കാൻ എന്ത് പരിഹാരമാണ് നിങ്ങൾക്ക് നിർദേശിക്കാനുള്ളത്. എല്ലാ നിർദേശങ്ങളും മുന്നോട്ട് വയ്ക്കാം എന്നായിരുന്നു യോഗത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചത്. രണ്ടര മണിക്കൂറോളം നീണ്ട ചർച്ചയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ മാത്രമാണ് ഇനി ഒറ്റ പരിഹാരമായി ബാക്കിയുള്ളതെന്ന നിർദേശം മുന്നോട്ട് വച്ച ഉദ്ധവ്, ഇക്കാര്യത്തിൽ മറ്റുള്ളവരുടെ അഭിപ്രായം തേടുകയും ചെയ്തു. എന്നാൽ ബിജെപിയടക്കം കടുത്ത എതിർപ്പ് അറിയിച്ചതായാണ് റിപ്പോർട്ട്.
ചർച്ചയിൽ നിന്നുള്ള ചില വിവരങ്ങൾ ചുവടെ:
5 ദിവസത്തേക്ക് ലോക്ക്ഡൗണിനുള്ള സാധ്യത.
വാക്സിനേഷൻ മാത്രമല്ല, കേസുകളുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ വ്യാപന ചെയിൻ തകർക്കാനുള്ള ഒരേയൊരു മാർഗം സമ്പൂർണ്ണ ലോക്ക്ഡൗണാണ്
പൂർണ്ണമായ ലോക്ക്ഡൗൺ അല്ലെങ്കിൽ, കർശനമായ നിയന്ത്രണങ്ങൾക്ക് സാധ്യത
വർദ്ധിച്ചുവരുന്ന കേസുകളുടെ എണ്ണം നിരന്തരമായ ആശങ്ക ഉയർത്തുന്നു
രണ്ടാമത്തെ തരംഗം ആദ്യത്തേതിനേക്കാൾ മോശമാണ്; ആശുപത്രി കിടക്കകൾ ഇതിനകം നിറഞ്ഞു
കോവിഡ് -19 ടാസ്ക് ഫോഴ്സുമായി മുഖ്യമന്ത്രി താക്കറെ നാളെ കൂടിക്കാഴ്ച നടത്തും. അതിനുശേഷം നിർണായക തീരുമാനം
ഒരു ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾക്ക് തിരികെ യാത്ര ചെയ്യാൻ സമയം നൽകിയേക്കും.