UPDATE:
. ആവേശകരമായ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ പോളിങ് 70 ശതമാനം പിന്നിട്ടു. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണാന്‍ കഴിയുന്നത്. പോളിങ് കൂടുന്നതിന്റെ ആവേശത്തില്‍ മുന്നണികള്‍. അഞ്ചു ജില്ലകളിലുമായി ഇതുവരെ 70.76% പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കോട്ടയം കുട്ടിക്കലില്‍ വോട്ടിംഗ് നിശ്ചയിച്ച സമയത്തേക്കാള്‍ ഒരു മണിക്കൂര്‍ നേരത്തെ ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിക്കേണ്ട വോട്ടെടുപ്പാണ് ഒരു മണിക്കൂര്‍ നേരത്തെ ആരംഭിച്ചത്.
. പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്കൂളില്‍ യന്ത്രത്തകരാര്‍ മൂലം പോളിങ്ങ് മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ടാമതെത്തിച്ച വോട്ടിങ്ങ് യന്ത്രവും തകരാറിലായി. പിന്നീട് സാങ്കേതിക വിദഗ്ദ്ധരെത്തിയാണ് യന്ത്രത്തകരാര്‍ പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ചത്. രണ്ട് മണിക്കൂറോളമാണ് ഇവിടെ പോളിങ് മുടങ്ങിയത്
തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം മോക് പോളിംഗ് നടത്തിയ ശേഷമാണ് ഇത്തവണ തിരഞ്ഞെടുപ്പ് തുടങ്ങിയത്. ബൂത്തുകളില്‍ വന്‍ ക്യൂവാണ് ഉള്ളത്. ആദ്യ ഘട്ടത്തിലും വന്‍ പോളിംഗ് എല്ലായിടത്തും രേഖപ്പെടുത്തിയിരുന്നു. ഇത് മുന്നണികള്‍ക്ക് പ്രതീക്ഷയും ആശങ്കയും സമ്മാനിക്കുന്നുണ്ട്.
അഞ്ച് ജില്ലകളില്‍ നിന്നായി 99 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തും. 457 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. അതേസമയം ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ ജോസ് വിഭാഗത്തിനും ജോസഫ് വിഭാഗത്തിനും ഈ ഘട്ടത്തില്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്.
ആര്‍ക്കാണ് മലയോര മേഖലയിലും കോട്ടയം ജില്ലയിലും കരുത്തെന്ന് കാണിക്കാനുള്ള അവസരം കൂടിയാണ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ക്കും ലഭിക്കുന്നത്. ജോസ് വിഭാഗം നേട്ടമുണ്ടാക്കിയാല്‍ എല്‍ഡിഎഫില്‍ അവരുടെ സ്ഥാനം ശക്തമാകും. അത് ചിലപ്പോള്‍ സിപിഐയെയും എന്‍സിപിയെയും അസ്വസ്ഥരാക്കും. എന്നാല്‍ ജോസ് വിഭാഗം പരാജയപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവരുടെ വിലപേശല്‍ തന്ത്രം അടക്കം പൊളിയും തോറ്റാല്‍ ജോസഫ് വിഭാഗവും യുഡിഎഫില്‍ പ്രതിരോധത്തിലാകും. ജോസിനെ തിരികെ കൊണ്ടുവരാനും യുഡിഎഫ് അതോടെ നിര്‍ബന്ധിതരാകും.
അതേസമയം രണ്ട് തവണ തുടര്‍ച്ചയായി കൊച്ചി കോര്പ്പറേഷന് ഭരണം പിടിച്ച യുഡിഎഫ് ഇത്തവണ അത് നിലനിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ്. ജനപിന്തുണ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദത്തിലാണ് ഇടതുമുന്നണി. ഇത്തവണ ശക്തമായ പ്രചാരണമാണ് എല്‍ഡിഎഫ് നടത്തിയത്. ബിജെപിക്കും ഈ ഘട്ടത്തില്‍ പ്രതീക്ഷയുണ്ട്. തൃശൂരും പാലക്കാടും നേട്ടമുണ്ടാകുമെന്ന് അവര്‍ കരുതുന്നു. പാലക്കാട് അവര്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇത് തിരിച്ചുപിടിക്കുമെന്ന് എല്‍ഡിഎഫ് പറയുന്നു. തൃശൂര്‍ കോര്‍പ്പറേഷനിലും പോരാട്ടം കടുക്കും.