ഡല്‍ഹി: ലാവ്‌ലിൻ അഴിമതിക്കേസ്; നാലാം തവണയും കേസ് മാറ്റി. ലാവ്‌ലിൻ അഴിമതിക്കേസ് ജനുവരി ഏഴിലേക്ക് സുപ്രീംകോടതി മാറ്റി. സിബിഐയുടെ ആവശ്യത്തെ തുടർന്നാണ് തുടർച്ചയായ നാലാം തവണയും കേസ് മാറ്റിവച്ചത്. നിരന്തരം കേസ് മാറ്റാൻ ആവശ്യപ്പെടുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. എങ്കിലും സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

2017 ഓഗസ്റ്റ് 23ന് ആണു മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതിനെതിരയാണ് സിബിഐ അപ്പീൽ നൽകിയത്. കേസിൽ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നു. വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയൻ അറിയാതെ ലാവ്‌ലിൻ ഇടപാടു നടക്കില്ലെന്ന് അപ്പീലിൽ സിബിഐ ചൂണ്ടിക്കാട്ടി. മന്ത്രിതലത്തിൽ രാഷ്ട്രീയമായ തീരുമാനമെടുക്കാതെ ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു വിഷയത്തിൽ നടപടിയെടുക്കാനാവില്ല.

സംസ്ഥാനത്തിനു 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തീരുമാനമാണിത്. വിചാരണയ്ക്കു മുൻപേ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ശരിയല്ല. വസ്തുതകളും തെളിവുകളും കൃത്യമായി പരിശോധിക്കാതെയാണു ഹൈക്കോടതി വിധിയെന്നും അപ്പീലിൽ പറയുന്നു.

കെഎസ്ഇബി മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്സ് ഓഫിസർ കെ.ജി.രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തങ്ങളെ മാത്രം വിചാരണ ചെയ്യുന്നതിനെതിരെ കസ്തൂരിരംഗ അയ്യരും ആർ.ശിവദാസനും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here