മദ്യവില കൂട്ടണമെന്ന് ബെവ്‌കോ; 7ശതമാനം വര്‍ധനയ്ക്ക് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോ. മദ്യത്തിന്റെ അടിസ്ഥാന വിലയുടെ ഏഴ് ശതമാനം വര്‍ധന വേണമെന്നാണ് ബെവ്‌കോയുടെ നിര്‍ദേശം. മദ്യകമ്ബനികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ബെവ്‌കോയുടെ ശുപാര്‍ശ. ഇത് സംബന്ധിച്ച്‌ എക്‌സൈസ് വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ബെവ്‌കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വര്‍ദ്ധന ഉറപ്പായി.

മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്. സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടറനുസരിച്ചാണ് ഇപ്പോഴും ബെവ്‌കോക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്ബനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല.വിതരണക്കാരുടെ തുടര്‍ച്ചയായ നിവേദനങ്ങളുടെ പശ്ചാത്തലത്തില്‍ പോയവര്‍ഷം രണ്ട് തവണ ടെണ്ടര്‍ പുതുക്കാന്‍ നടപടി തുടങ്ങിയെങ്കിലും കോവിഡ് കണക്കിലെടുത്ത് നീട്ടിവെയ്ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്‌കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനക്ക് തീരുമാനമെടുത്തത്. നയപരമായ കാര്യമായതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്. ആനുപാതിക നികുതി വര്‍ദ്ധന കണക്കിലെടുക്കുമ്ബോള്‍ ലിറ്ററിന് കുറഞ്ഞത് 100 രൂയുടെ വര്‍ദ്ധന ഉണ്ടാകും. ഇതും ഉപഭാക്താവ് വഹിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here