തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യവില ഫെബ്രുവരി ഒന്നുമുതൽ നിലവിൽ വരും. ഏഴു ശതമാനം വർധനയാണ് നിലവിൽ വരുന്നത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെയാണ് വില വർധിക്കുക. മദ്യ കമ്പനികളുടെ ആവശ്യപ്രകാരമാണ് വില വർധിപ്പിക്കുന്നതെങ്കിലും ഇതിന്റെ കൂടുതൽ ഗുണം ലഭിക്കുക സർക്കാരിന് തന്നെയാകും.
ഒരു കുപ്പിക്ക് 40 രൂപ വർധിക്കുമ്പോൾ 35 രൂപ സർക്കാരിനും 4 രൂപ മദ്യവിതരണ കമ്പനികൾക്കും ഒരു രൂപ കോർപറേഷനും അധിക വരുമാനമായി ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ വില ആഗസ്റ്റോടെ കുറഞ്ഞേക്കുമെന്നാണ് അധികൃതർ പറയുന്നത്. വിദേശ മദ്യനിർമാതാക്കളിൽനിന്നും 100 രൂപയ്ക്കു വാങ്ങുന്ന ഒരു കുപ്പിയിൽ നികുതിയും മറ്റു ചെലവുകളും വരുമ്പോള്‍ ചില്ലറ വിൽപ്പന വില 1170 രൂപയാകും. ഇതിൽ നൂറു രൂപ മദ്യനിർമാതാക്കൾക്കും 1049 രൂപ സർക്കാരിനുമാണ് ലഭിക്കുന്നത്. ഏഴു ശതമാനം വിലവർധന വരുമ്പോൾ, ചില്ലറ വിൽപ്പന വില 1252 രൂപയാകും.
11.6 ശതമാനം വില വർധനവ് വേണമെന്നാണ് മദ്യ നിർമാതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ പലപ്പോഴായി വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം മദ്യക്കമ്പനികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. 2013–14ലെ ടെണ്ടര്‍ പ്രകാരമുള്ള ഇടപാടാണ് മദ്യക്കമ്പനികളും സര്‍ക്കാരും തമ്മില്‍ ഇപ്പോഴും നില്‍ക്കുന്നത്. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്പ്പറേഷന് മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്.
സ്പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെണ്ടര്‍ അനുസരിച്ചാണ് ഇപ്പോഴും ബിവറേജസ് കോർപറേഷന് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വില കൂട്ടിയിരുന്നില്ല. ഇതോടെ മദ്യ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ ചെലവാണ് മദ്യക്കമ്പനികള്‍ക്ക് ഉണ്ടാവുന്നത്. ഏറെ നാളായി വില വര്‍ധിപ്പിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. കോവിഡ് പ്രതിസന്ധി കമ്പനികളെയും ബാധിച്ചതോടെ ഈ ആവശ്യം കൂടുതല്‍ ശക്തമാവുകയും ചെയ്തു.