കൊച്ചി: വടക്കാഞ്ചേരി ഭവന നിര്‍മാണ പദ്ധതിയില്‍ ലൈഫ് മിഷനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി. അന്വേഷണ വിലക്ക് നീക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിബിഐയുടെ ഹര്‍ജി അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഉത്തരവില്‍ സര്‍ക്കാര്‍ രണ്ടാഴ്ച സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. അധോലോക ഇടപാടാണ് നടന്നതെന്നും ടെന്‍ഡര്‍ ഇല്ലാതെയാണ് യൂണിടാക്കിന് കരാര്‍ നല്‍കിയതെന്നും വിദേശ സംഭാവനാ നിയന്ത്രണ നിയമ ലംഘനം നടന്നിട്ടുണ്ടന്നുമുള്ള സിബിഐയുടെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് പി.സോമരാജന്റെ ഉത്തരവ്.
പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടില്ല, ലൈഫ്മിഷന് നേരിട്ട് പണം വാങ്ങിയിട്ടില്ല, വിദേശ സംഭാവനാ നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ല, കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട് തുടങ്ങിയ ലൈഫ്മിഷന്റെയും സര്‍ക്കാരിനേയും വാദങ്ങള്‍ കോടതി തള്ളി. ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതിയാണന്നും രാഷ്ടീയ നേതൃത്വത്തെ കുറ്റപ്പെടുത്താനാവില്ലന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു. രാഷ്ട്രീയ നേതൃത്വം നയപരമായ തീരുമാനമാണ് എടുക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും നയപരമായ തീരുമാനമാണ് എടുത്തത്. നടത്തിപ്പില്‍ ഉദ്യോഗസ്ഥന്ധത്തില് ക്രിമിനല്‍ ഗുഢാലോചന നടന്നു. രാഷ്ടീയ നേതൃത്വത്തെ ഇതില്‍ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
നേരത്തേ അന്വേഷണ വിലക്ക് ഹൈക്കോടതി രണ്ട് മാസത്തേക്ക് നീട്ടിയിരുന്നു. യൂണിടാക്കിന് സര്‍ക്കാര്‍ സ്ഥലം കൊടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഭവനപദ്ധതിയില്‍ ആര്‍ക്കും ഭൂമി കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഭൂമിയില്‍ നിര്‍മാണത്തിന് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും പണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.