സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം; ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി

തിരുവനന്തപുരം:സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആത്മഹത്യാ ശ്രമം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു ആത്മഹത്യ ഭീഷണി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ സമരം പതിന്നാലാം ദിവസം പിന്നിടുമ്ബോഴായിരുന്നു ഇത്തരമൊരു സമരരീതി.

ജോലി അല്ലെങ്കില്‍ മരണം, ഒരാള്‍ ജീവന്‍ വെടിഞ്ഞാല്‍ മറ്റുളളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ.. ഇതായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി എത്തിയ ഉദ്യോഗാര്‍ത്ഥികളുടെ നിലപാട്. ആത്മഹത്യ ശ്രമം ഉണ്ടാകുമെന്നറിഞ്ഞതോടെ പൊലീസ് ജാഗ്രതയോടെ നിലയുറപ്പിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ പോലീസ് പിടിച്ചുവാങ്ങി. ഇതിനിടെ കവറില്‍ സൂക്ഷിച്ച മണ്ണെണ്ണ റിജു എന്ന ഉദ്യോഗാര്‍ത്ഥി ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. വെളളം ചീറ്റിയും പിടിച്ചുമാറ്റിയുമായിരുന്നു പൊലീസ് നടപടി. ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് ഫയര്‍ഫോഴ്സെത്തി റോഡ് അടക്കം കഴുകി. തൊട്ടുപിന്നാലെ ആംബുലന്‍സില്‍ റിജുവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സമരം തുടങ്ങി രണ്ടാഴ്‌ച പിന്നിടുമ്ബോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. റാങ്ക് പട്ടികയുടെ കാലാവധി ദീര്‍ഘിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്നും റാങ്ക് പട്ടികയില്‍ നിന്നുളള പകുതിപ്പേര്‍ക്ക് പോലും നിയമനം ലഭിക്കില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here