തിരുവനന്തപുരം: കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ ചേരാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് ഗവര്‍ണര്‍ മറുപടി നല്‍കി. മന്ത്രിസഭയുടെ ആവശ്യം എല്ലാ കാലത്തും അംഗീകരിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടിയില്‍ പറഞ്ഞു. ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഗവര്‍ണര്‍ മറുപടിയില്‍ വ്യക്തമാക്കി.

സഭ ചേരേണ്ട അടിയന്തിര സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് തന്നെയാണ് മറുപടി കത്തിലും ഗവര്‍ണര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ കത്തിലുള്ളത് തെറ്റായ വാദങ്ങള്‍ ആണെന്നും ഗവര്‍ണര്‍ പറഞ്ഞു. “സഭ വിളിക്കേണ്ട അടിയന്തിര സാഹചര്യമാണ് ചോദിച്ചത്, എന്നാല്‍ അടിയന്തിര സാഹചര്യം വിശദീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല”. ഗവര്‍ണര്‍ പറഞ്ഞു.

കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ ഇന്ന് നടത്താനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചത്. ഗവര്‍ണറുടെ നടപടി ഭരണഘടനക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിരുന്നു. ഗവര്‍ണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണറുടെ നടപടി നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here