ക്ഷേമപെന്‍ഷന്‍ കുടിശ്ശിഖ തീര്‍ത്തതും പെന്‍ഷന്‍ തുക ഉയര്‍ത്തിയതും ഇടതുപക്ഷത്തിന് തുണയായി. കിറ്റുവിതരണം ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ വലിയ സ്വീകാര്യതയാണ് ഇടതുപക്ഷത്തിനുണ്ടാക്കിയത്. സാധാരണക്കാരെ സ്വര്‍ണ്ണക്കടത്തും മറ്റ് വിവാദവിഷയങ്ങളും സാധാരണക്കാര്‍ കണക്കിലെടുത്തില്ലെന്നുവേണം വിലയിരുത്താന്‍.

അടിസ്ഥാനപരമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുണയാകുമെന്നും വിവാദങ്ങള്‍ തകര്‍ന്നടിയുമെന്നും ഇടതുനേതാക്കളെല്ലാം എല്ലാവേദിയിലും ആവര്‍ത്തിച്ചിരുന്നു. ആ നിലപാട് ശരിയെന്നു തന്നെയാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. സാധാരണയായി സംസ്ഥാന രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചയാകുന്നത് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇവിടെയും ഇടതുപക്ഷത്തിന് വന്‍മുന്നേറ്റമുണ്ടായത് കോണ്‍ഗ്രസിന് തിരിച്ചടിയായി മാറി. പൊതുരാഷ്ട്രീയ ചിത്രം അനുകൂലമായതോടെ വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ തുടര്‍ഭരണമെന്ന പ്രതീക്ഷ തിരിച്ചുപിടിച്ചിരിക്കുകയാണ് ഇടതുപക്ഷം.

പഞ്ചായത്ത് തലത്തിലും മുനിസിപ്പല്‍-കോര്‍പറേഷന്‍ വാര്‍ഡുകളിലും നടത്തിയ വികസനപ്രവര്‍ത്തനങ്ങളും ഇടതുപക്ഷത്തിന് തുണയായി. നടപ്പാതകള്‍ അടക്കമുള്ള അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങളിലും ഇടതുപക്ഷം ശ്രദ്ധിച്ചിരുന്നു. ലൈഫ് ഭവനപദ്ധതിയില്‍ വിവാദങ്ങള്‍ ഉണ്ടായെങ്കിലും വീടുകള്‍ ലഭിച്ചവരുടെയും നിലവില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നവരും ഒറ്റക്കെട്ടായി ഇടതുപക്ഷത്തിനൊപ്പം തന്നെ അണിനിരന്നു. ജില്ലാ പഞ്ചായത്തിലും ഡിവിഷനുകളിലും യുഡിഎഫിന് തിരിച്ചടി നേരിട്ടു.

ഏറ്റവുമധികം പ്രതിരോധത്തിലായ അവസ്ഥയിലാണ് ഇത്തവണ ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷന്‍ അഴിമതിയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷവുമെല്ലാം കൂടിച്ചേര്‍ന്ന് കുഴപ്പിച്ച അന്തരീക്ഷമാണ് ഇടതുനേതാക്കളെ അങ്കലാപ്പിലാക്കിയത്. എങ്കിലും ജനകീയപ്രശ്‌നങ്ങളില്‍ ഇടപെട്ടതും വികസനനേട്ടവും ഉയര്‍ത്തി പ്രതിരോധിക്കാനുള്ള തന്ത്രം വിജയിച്ചുവെന്നുവേണം മനസിലാക്കാന്‍.

ആദ്യഘട്ട പ്രചരണങ്ങളില്‍ നിന്നും വിട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാനഘട്ടത്തില്‍ ചുക്കാന്‍ പിടിക്കാനെത്തി. വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും തകര്‍ന്നടിയുന്നത് ആരാണെന്ന് കാണാമെന്ന് ഉറപ്പിച്ചു പറഞ്ഞ് രംഗത്തെത്തിയതും ഫലവാത്തായിരിക്കുന്നൂവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here