തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ ലക്ഷങ്ങള്‍ അണിനിരന്ന മനുഷ്യമഹാശൃംഖല തീര്‍ത്ത് ഇടതു മുന്നണി. സിനിമാ സാംസ്കാരിക പ്രവര്‍ത്തകര്‍, സാമുദായിക സംഘടനാ പ്രതിനിധികളടക്കം നിരവധി പേര് വിവിധ കേന്ദ്രങ്ങളില്‍ അണിനിരന്നു.
കളിയിക്കാവിളയില്‍ എം.എ. ബേബിയായപ്പോള് കാസര്‍കോട്ട് എസ്. രാമചന്ദ്രന് പിള്ള അവസാന കണ്ണിയായി. ചിലയിടങ്ങളില്‍ മനുഷ്യശൃംഖല ഒന്നിലധികം വരികളായിരുന്നു. എഴുപതു ലക്ഷത്തോളം പേര് ശൃംഖലയുടെ ഭാഗമായിട്ടുണ്ടെന്നാണ് ഇടതു മുന്നണി വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അടക്കമുള്ളവര്‍ തിരുവനന്തപുരം പാളയത്ത് ശൃംഖലയുടെ ഭാഗമായി.
അതേസമയം, മനുഷ്യ ശ്യംഖലയ്ക്കിടയിലേക്ക് എത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ കൊല്ലത്ത് പോലീസ് അറസ്റ്റ് ചെയ്തു മാറ്റി. രണ്ടാംകുറ്റി സ്വദേശി അജോയ് (27) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അജോയിയുടെ രാഷ്ട്രീം സംബന്ധിച്ചോ നടപടി സംബന്ധിച്ചോ വ്യക്തത വന്നിട്ടില്ല.