തിരുവനന്തപുരം: എൽ ഡി എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. ഇന്ന് എ കെ ജി സെന്ററിൽ നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മെയ് 19ന് എൽ ഡി എഫ് പാർലമെന്ററി പാർട്ടി യോഗം ചേരും. സത്യപ്രതിജ്ഞ 18ന് ശേഷമായിരിക്കുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു.
നാലു മന്ത്രിസ്ഥാനവും രണ്ടു ക്യാബിനറ്റ് പദവിയുമെന്ന നിലവിലെ സ്ഥിതി തുടരണമെന്ന ആവശ്യം സിപിഐ മുന്നോട്ടുവെച്ചതായാണ് വിവരം. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ എന്നിവരാണ് ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചയിൽ പങ്കെടുത്തത്.
2016ല്‍ മെയ് 25നാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് 17ന് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എല്‍ഡിഎഫ് യോഗം ചേരും. മെയ് 18ന് സിപിഎം സ്ഥാന സെക്രട്ടറിയേറ്റും സിപിഎം സംസ്ഥാന സമിതിയും യോഗം ചേരും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായി സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പരമാവധി ആളുകളെ ചുരുക്കിക്കൊണ്ടാണ് ചടങ്ങ് സംഘടിപ്പിക്കുക. അതേസമയം മന്ത്രിമാരുടെ ബന്ധുക്കളെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. 99 സീറ്റുകള്‍ നേടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.
തെരഞ്ഞെടുപ്പ് പലത്തിന് പിന്നാലെ ബിജെപി വോട്ടുകള്‍ മറിച്ചെന്ന ആരോപണവുമായി ഇരു മുന്നണികളും രംഗത്തെത്തിയിരുന്നു. ബി ജെ പി വോട്ടുകള്‍ സി പി എം വോട്ടുകളായെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ട്വിറ്ററില്‍ ആയിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. മിക്ക യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കും വിജയം നഷ്ടമായത് സി പി എമ്മും ബി ജെ പിയും തമ്മില്‍ നടന്ന വോട്ട് കച്ചവടം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍, യു ഡി എഫിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഇത് മറച്ചു വയ്ക്കാനാണ് പിണറായി വിജയന് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബി ജെ പിയെ പരാജയപ്പെടുത്താന്‍ സംഭാവന നല്കിയെന്നതില് തങ്ങള്‍ അഭിമാനിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.