ലക്‌നൗ: കര്‍ഷകര്‍ക്കിടയിലേക്കു വാഹനം ഓടിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ലംഖിപൂര്‍ ഖേരിയില്‍ സമരം നടത്തുന്നവര്‍ക്കിടയിലേക്കു പുറകില്‍നിന്നാണ് വാഹനങ്ങള്‍ എത്തുന്നത്. കോണ്‍ഗ്രസും കര്‍ഷക സംഘടനകളുമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു. ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും മീററ്റ് ജില്ലാ പോലീസ് മേധാവി വിനീത് ഭട്‌നഗര്‍ പറഞ്ഞു.

കൊല്ലപ്പെട്ട നാലു കര്‍ഷകരുടെ മൃതദേഹങ്ങള്‍ ഇന്നു സംസ്‌കരിക്കും. ഇവരുടെ കുടുംബങ്ങള്‍ക്കു 45 ലക്ഷം രൂപയുടെ ധനസഹായവും ആശ്രിതരില്‍ ഒരാള്‍ക്കു സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.

ലഖിംപുര്‍ ഖേരി സംഘര്‍ഷ സ്ഥലത്തേക്കു പുറപ്പെട്ട നേതാക്കളെ വിവിധ സ്ഥലങ്ങളില്‍ തടഞ്ഞു മടക്കി അയക്കുകയാണ്. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ലക്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞു. തുടര്‍ന്ന് അദ്ദേഹം വിമാനത്താവളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

30 മണിക്കൂറിലധികമായി പോലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടരുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രിയങ്ക ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് സീതാപൂര്‍ പോലീസ് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here