തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വീസ് ബസുകളില്‍ സൈക്കിളുകളും ഇലക്ട്രിക് സ്കുട്ടറുകളും യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സംവിധാനം വരുന്നു. ദീര്‍ഘദൂര ലോ ഫ്ളോര്‍ ബസുകളിലും ബംഗളൂരുവിലേക്കുള്ള സ്കാനിയ, വോള്‍വോ ബസുകളിലും സൈക്കിളുകളും ഇലക്ട്രിക സ്കൂട്ടറുകളും കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഒരു നിശ്ചിത തുക ഈടാക്കിയാണ് ഇത് അനുവദിക്കുന്നത്. ദീർഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ബസ്സിൽ നിന്ന് ഇറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തിൽ തുടർ യാത്ര സാധിക്കും.
നവംബര്‍ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഒക്ടോബര്‍ ഒന്നു മുതല്‍ കെ.എസ്.ആര്.ടി.സിയില്‍ കോവിഡിനു മുന്നുള്ള ടിക്കറ്റ് നിരക്ക് പ്രാബല്യത്തില്‍ വരും. ബസ് ചാര്‍ജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.