തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ സര്‍വീസുകള്‍ തുടങ്ങി. പ്രതിസന്ധി കാലഘട്ടത്തില്‍ ഭരണസിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസം കൂടാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ജില്ലായിലെ വിവിധ ഡിപ്പോകളില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നാലു മുതല്‍ പരമാവധി യാത്രക്കാരെവരെ ഉള്‍ക്കൊണ്ടായിരുന്നു ആദ്യ സര്‍വീസുകള്‍. സര്‍ക്കാര്‍ ഉത്തരവിന് അനുസൃതമായി ഡബിള്‍ ഫെയര്‍ ഈടാക്കിയാണ് സര്‍വീസുകള്‍. 19 മുതല്‍ 40 കിലോമീറ്റര്‍ വരെയാണ് വിവിധ ഡിപ്പോകളില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്കു രാവിലെ നടന്ന സര്‍വീസുകളുടെ ദൈര്‍ഘ്യം. 35 കിലോമീറ്റര്‍ സഞ്ചരിച്ച ആര്യനാട് സെക്രട്ടേറിയറ്റ് ബസില്‍ നാലു യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പൂവാറില്‍ നിന്നെത്തിയ ഷെഡ്യൂളാണ്, 1758 രൂപയുമായി കളക്ഷനില്‍ മുന്നില്‍. നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്, നഷ്ടമില്ലാതെ സര്‍വീസുകള്‍ നടത്താന്‍ ആവശ്യമായ യാത്രക്കാരെ വരും ദിവസങ്ങളില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍.

സെക്രട്ടേറിയറ്റ് ജീവനക്കാരനാണെന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് ഹാജരാക്കിവേണം ബസില്‍ യാത്ര ചെയ്യേണ്ടത്. യാത്രയിലുടനീളം യാത്രക്കാര്‍ മാസ്‌ക്ക് ധരിക്കണം. സാനിറ്റൈസറുമായിട്ടാണ് കണ്ടക്ടറും ഡ്രൈവര്‍മാരും യാത്രക്കാരെ വരവേറ്റത്. റൂട്ടില്‍ എവിടെ നിന്നും യാത്രക്കാര്‍ക്ക് ബസില്‍ കയറാന്‍ സാധിക്കും. എന്നാല്‍ സെക്രട്ടേറിയറ്റില്‍ മാത്രമേ ഇറങ്ങാന്‍ അനുവദിക്കൂ. ഏതു സ്‌റ്റോപ്പില്‍ നിന്നു കയറിയാലും സര്‍വീസിനായി നിശ്ചയിച്ചിരിക്കുന്ന ഏകീകൃത നിരക്ക് നല്‍കണം. മടക്കയാത്രയില്‍ സ്വന്തം സ്‌റ്റോപ്പുകളില്‍ ഇറങ്ങാന്‍ അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here