വൈദ്യുതിപോയാല്‍ വരണമെങ്കില്‍ രണ്ടുദിവസമെടുക്കുമെന്നൊക്കെ സംസ്ഥാന ഇലക്ട്രിസിറ്റി വകുപ്പിനെക്കുറിച്ച് പറയാറുണ്ട് നാട്ടുകാര്‍. സ്വന്തം പ്രവൃത്തിദോഷം കൊണ്ടുതന്നെ കെ.എസ്.ഇ.ബി. ഒരുകാലത്ത് നല്ല ചീത്തപ്പേരു തന്നെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് കഥയാകെ മാറിയിരിക്കയാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും പഴയകഥകള്‍ മാത്രം അറിയുന്നവര്ക്കുവേണ്ടി ഒരു പുതുഅനുഭവക്കുറിപ്പു തന്നെ, തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കയാണ് കെ.എസ്.ഇ.ബി. അധികൃതര്‍.
കെഎസ്ഇബിയില്‍ നിന്ന് ലഭിച്ച നല്ല സേവനത്തെപ്പറ്റി കോഴിക്കോട് ബാറിലെ അഭിഭാഷകയും കാരാപ്പറമ്പ് സെക്ഷനിലെ ഉപഭോക്താവുമായ അഡ്വ. ലിസി വി ടി ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പാണ് അധികൃതര്‍ പങ്കുവച്ചത്. വൈദ്യുതി പോയത് കെ.എസ്.ഇ.ബിയില്‍ അറിയിക്കുമ്പോള്‍ വൈകിട്ട് 5.30 ആയെന്നും അസമയത്ത് തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നിട്ടും താല്‍ക്കാലിക കണക്ഷന് നല്‍കിയശേഷം പിറ്റേന്നു രാവിലെത്തന്നെ പ്രശ്നം പരിഹരിച്ചെന്നു മാത്രമാണ് അനുഭവസാക്ഷ്യം. എന്നാല്‍ നിരവധിപേര്‍ തങ്ങളുടെ ദുരനുഭവം കൂടി കമന്റുകളായി പങ്കുവയ്ക്കുന്നുണ്ട്. നുണയാണെങ്കിലും കേള്‍ക്കാന്‍ നല്ല രസമുണ്ടെന്ന് കളിയാക്കുന്നവരും നല്ല അനുഭവങ്ങളും നാട്ടുകാര്‍ പങ്കുവച്ചിട്ടുണ്ട്.