വൈദ്യുതി ഭവനിലെ സമര നേതാവിന്റെ വാഹന ദുരുപയോഗത്തില്‍ 6.72 ലക്ഷം പിഴയിട്ടു ചെയര്‍മാന്‍, നടപടി വാഹനം സ്വകാര്യ ആവശ്യത്തിനു ഉപയോഗിച്ചുവെന്ന് കണ്ടെത്തലില്‍

തിരുവനന്തപുരം | വൈദ്യുതി ഭവനില്‍ സമരങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ എം.ജി. സുരേഷ് കുമാറിന് 6,72,560 രൂപ പിഴയിട്ടു കെ.എസ്.ഇ.ബി. അനധികൃതമായി കെ.എസ്.ഇ.ബി. വാഹനം ഉപയോഗിച്ചതിനാണ് നടപടി. പണം ഈടാക്കാന്‍ നിര്‍ദേശിച്ച് ചെയര്‍മാന്‍ ബി. അശോക് ഉത്തരവിറക്കി.

മുന്‍ മന്ത്രി എം.എം. മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സുരേഷ് കുമാര്‍ കാര്‍ ഉപയോഗിച്ചത്. ഈ മാസം 19 നാണ് പണം ഈടാക്കാന്‍ ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോക് നിര്‍ദേശിച്ചിരിക്കുന്നത്. സമരവുമായി ബന്ധപ്പെട്ടു ബുധനാഴ്ച നടന്ന സമവായ ചര്‍ച്ചയില്‍ പ്രതികാര നടപടികള്‍ കൈക്കൊള്ളരുതെന്ന് മന്ത്രി ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് ഒരു ദിവസം മുമ്പാണ് പിഴ അടയക്കാനുള്ള ഉത്തരവ് ചെയര്‍മാന്‍ ഇറക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പിഴ സംബന്ധിച്ച് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് എം.ജി.സുരേഷ് കുമാര്‍ പ്രതികരിച്ചു. കെ.കെ.സുരേന്ദ്രന്‍ എന്നായാളുടെ പരാതിയില്‍ ബോര്‍ഡ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും തുടര്‍ന്നാണ് പിഴ വിധിച്ചിരിക്കുന്നതെന്നുമാണ് ചെയര്‍മാന്റെ വിശദീകരണം. കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here