തിരുവനന്തപുരം: ക്രൈസ്‌തവ സഭകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തുമെന്ന് സൂചന നല്‍കി മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിളള. ന്യൂനപക്ഷ വിദ്യാഭ്യാസത്തിന് ക്രൈസ്‌തവ സഭകള്‍ക്ക് നല്‍കുന്ന കേന്ദ്ര വിഹിതത്തില്‍ അനീതിയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി ശ്രീധരന്‍ പിളള പറഞ്ഞു. വിവിധ സഭാ നേതൃത്വവുമായി പ്രധാനമന്ത്രി ചര്‍ച്ചയ്‌ക്ക് തയ്യാറായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്‌തവ സഭയിലെ പെണ്‍കുട്ടികള്‍ ഐ എസ് സ്വാധീനത്തില്‍പ്പെടുന്നതിനെക്കുറിച്ച്‌ കര്‍ദിനാള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി നല്‍കുന്ന വിഹിതം കുറഞ്ഞതിനെ കുറിച്ച്‌ കര്‍ദിനാള്‍ നേരത്തെ ശ്രദ്ധയിപ്പെടുത്തിയിരുന്നു. എണ്‍പത് ശതമാനം ഒരുവിഭാഗത്തിന് നല്‍കുകയും ക്രൈസ്‌തവ സമുദായങ്ങള്‍ക്കുളള വിഹിതം ഇരുപത് ശതമാനമായി കുറയുകയും ചെയ്‌തുവെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രധാനമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു ശ്രീധരന്‍ പിളളയുടെ പ്രതികരണം.

തിരുവനന്തപുരം തൈക്കാട് അതിഥി മന്ദിരത്തിലാണ് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിളളയും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഒരുമിച്ചിരുന്നത്. കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here