കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയായ പ്രതി അറസ്റ്റില്‍. അയല്‍ക്കാരന്‍ മുഹമ്മദ് ബിലാല്‍ (23) എറണാകുളത്ത് നിന്നാണ് പിടിയിലായത്്്.

വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷണം ലക്ഷ്യമിട്ടാണ് പ്രതി ദമ്പതിമാരെ ആക്രമിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു. ഞായറാഴ്ച രാത്രി സ്വന്തം വീട്ടില്‍നിന്നിറങ്ങിപ്പോയ പ്രതി തിങ്കളാഴ്ച പുലര്‍ച്ചെ സാലിയുടെ വീട്ടിലെത്തി. പരിചയമുള്ള ആളായതിനാല്‍ ദമ്പതിമാര്‍ വാതില്‍ തുറന്നുനല്‍കി. സ്വീകരണ മുറിയിലേക്ക് കടന്ന പ്രതിക്ക് ഷീബ കുടിക്കാന്‍ വെള്ളവും നല്‍കി. ഷീബ അടുക്കളയിലേക്ക് പോയ സമയത്താണ് ബിലാല്‍ സാലിയെ ടീപ്പോയ് കൊണ്ട് തലയ്ക്കടിച്ചത്. ബഹളം കേട്ടെത്തിയ ഷീബയെയും പിന്നാലെ തലയ്ക്കടിച്ചു.

കിടപ്പുമുറിയിലെ അലമാരയില്‍നിന്ന് സ്വര്‍ണവും പണവും എടുത്തതിനൊപ്പം ഷീബ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി. പിന്നീട് തെളിവ് നശിപ്പിക്കാനായാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നിടുകയും ഇരുമ്പ് കമ്പി കൊണ്ട് ദമ്പതിമാരെ കെട്ടിയിട്ടുകയും ചെയ്തതെന്ന് പോലീസ് വിശദീകരിച്ചു.

കൃത്യം നടത്തിയ ശേഷം പ്രതി സാലിയുടെ വീട്ടിലെ കാറുമായി കടന്നുകളഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കാര്‍ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതില്‍ ഒരാള്‍ മാത്രമാണ് സഞ്ചരിച്ചതെന്നും പോലീസിന് മനസിലായി. ഇതിനിടെ ഇന്ധനം നിറയ്ക്കാനായി കാര്‍ പെട്രോള്‍ പമ്പില്‍ കയറിയ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ പോലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞു.

താഴത്തങ്ങാടി പാറപ്പാടം ഷാനിമന്‍സിലില്‍ ഷീബ(60) തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് സാലി(65) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here