പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന്‍ വിജയം നേടിയെങ്കിലും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവിജയമെന്ന് വിലയിരുത്താനായിരുന്നില്ല. എന്നാല്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഞെട്ടിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത് കൃത്യമായ രാഷ്ട്രീയവിജയം തന്നെ.

ശബരിമലയുടെ തട്ടകമായ കോന്നിയില്‍ മൂന്നാംസ്ഥാനമെത്തുമെന്ന് പരക്കെ അഭിപ്രായമുയര്‍ന്നെങ്കിലും യുവ സ്ഥാനാര്‍ത്ഥിയെ ഇറക്കി പ്രചരണത്തില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച ഇടതുപക്ഷത്തിന്റെ വിജയം തന്നെ. ഓര്‍ത്തഡോക്‌സ് സഭ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിക്കും എന്‍.എസ്.എസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും പിന്‍തുണ പ്രഖ്യാപിച്ചിട്ടും തളരാതെ പ്രചാരണത്തില്‍ തന്നെ കെ.യു. ജനീഷ്‌കുമാര്‍ മേല്‍ക്കൈ നേടിയെടുത്തു.

ഒരു വശത്ത് കെ. സുരേന്ദ്രന്‍ ജയിച്ചുകയറുന്ന സാഹചര്യം വന്നാല്‍ ഇടതുപക്ഷം വോട്ടുമറിക്കുമെന്ന പതിവ് ആശങ്കകളെയും ആരോപണങ്ങളെയും കൂസാക്കാതെ വിജയത്തിനുവേണ്ടി മാത്രം പരിശ്രമിച്ചതാണ് കോന്നിയില്‍ നിര്‍ണ്ണായകമായത്.

രാജിവച്ച അടൂര്‍പ്രകാശ് എം.പിക്ക് കോന്നിയിലെ എന്‍.എസ്.എസ്. നോമിനിയായി എത്തിയ പി. മോഹന്‍രാജിനോടുള്ള നീരസവും കൃത്യമായി ഇടതുപക്ഷത്തിന് തുണയായി. അയ്യായിരത്തിലധികം വോട്ടുകള്‍ ഇത്തരത്തില്‍ മറിഞ്ഞേക്കാമെന്ന് കണക്കുകൂട്ടിയാലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടത്‌മേല്‍ കൈ മണ്ഡലത്തില്‍ പ്രകടമാണെന്ന് കെ.യു. ജനീഷ്‌കുമാറിന്റെ 9,953 വോട്ടിന്റെ ഭൂരിപക്ഷം സൂചിപ്പിക്കുന്നു.

ശബരിമലയുടെ വികാരം ഒരു പരിധിവരെ എന്‍.ഡി.എയുടെ കെ. സുരേന്ദ്രനെ തുണച്ചെങ്കിലും നാല്‍പതിനായിരത്തിനോടടുത്ത് (39,786) വോട്ടുകള്‍ സമാഹരിക്കാനേ കഴിഞ്ഞുള്ളൂവെന്നതും മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂവെന്നതും ഇടതുപക്ഷത്തിന് രാഷ്ട്രീയ നേട്ടമായി. ഓര്‍ത്തഡോക്‌സ് പിന്‍തുണയുണ്ടായിട്ടും കോന്നിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കൈ എന്‍.ഡി.എയ്ക്ക് ലഭിച്ചില്ല.

മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി. മോഹന്‍രാജിനുവേണ്ടിയുള്ള പ്രചരണത്തിലെ പാളിച്ചയും ആദ്യഘട്ടംമുതല്‍ ഇടതിനു പ്രതീക്ഷ പകരുന്നതായിരുന്നു. ആഞ്ഞുപിടിച്ചാല്‍ ജയിക്കാമെന്ന സൂചന ഇടതുപക്ഷത്തിന് ലഭിച്ചതും യു.ഡി.എഫിന്റെ പ്രചരണത്തിലെ പടലപ്പിണക്കം മനസിലായതോടെയാണ്.

പാലാ പിടിച്ചെടുത്ത മാണി സി. കാപ്പനെയിറക്കി സോഷ്യല്‍ മീഡിയായിലടക്കം മികച്ച പ്രചരണമാണ് കോന്നിയില്‍ നടത്തിയത്. യുവാക്കള്‍ക്കിടയില്‍ നല്ല പ്രതികരണമാണ് ഇതിനു ലഭിച്ചതും.

ശബരിമല ആയുധമാക്കി ഇടതുപക്ഷത്തെ പ്രതിരോധിക്കുന്ന ബി.ജെ.പി. തന്ത്രങ്ങളും പിഴച്ചു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിജയം തന്നെയാണ് കോന്നിയിലുണ്ടായതെന്ന് നിസ്സംശയം പറയാം.

LEAVE A REPLY

Please enter your comment!
Please enter your name here