കൊല്ലം: വ്യാഴാഴ്ച രാവിലെ പത്തോടെയാണ് വീട്ടിലിരുന്നു കളിക്കുകയായിരുന്ന ആറു വയസുകാരിയെ കാണാതായത്. മിനിട്ടുകള്‍ക്കുള്ളില്‍ നാട്ടുകാരും പോലീസും തെരച്ചില്‍ തുടങ്ങി. മുങ്ങല്‍ വിദഗ്ധരും പോലീസും നാട്ടുകാരും ഒക്കെ അദ്ധരാത്രിവരെ തെരഞ്ഞ, വീടിനടുത്തുള്ള പുഴയില്‍ ഇന്നു രാവിലെ ഏഴരയോടെയാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് പ്രാഥമിക പരിശോധയില്‍ വ്യക്തമായത്.

ഇത്തിക്കരയാറ്റില്‍ രാവിലെ ഏഴരയോടെ പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. തടയണയ്ക്കു സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ കമഴ്ന്നു കിടന്ന നിലയിലായിരുന്നു കൊച്ചു ദേവനന്ദ. വലിയ ആഴമുണ്ടെങ്കിലൂം ഇവിടെ ചെളി കുറവാണ്. മാലിന്യമുള്ളതിനാല്‍ ആരും കുളിക്കാന്‍ ഇറങ്ങാറില്ല.

മാത്രവുമല്ല, ഇന്നലെ മുഴുവന്‍ മുങ്ങി പരിശോധിച്ച് വെറും കൈയോടെ വിദഗ്ധര്‍ അടക്കം മടങ്ങിയ പ്രധാന ഭാഗമാണ് ഇവിടം. ക്ഷേത്ര ഉത്സവത്തിനായി പുഴയ്ക്കു കുറുകെ താല്‍ക്കാലികമായി കെട്ടിയ പാലത്തിനു അപ്പുറത്തുനിന്ന് ഒഴുകി വന്നതാകാമെന്ന നിഗമനമാണ് പോലീസ് പങ്കുവച്ചത്. പാലത്തിന്റെ അപ്പുറത്തുനിന്ന് ഇപ്പുറത്തേക്ക് നല്ല ഒഴുക്കുണ്ട്. എന്നാല്‍, കുട്ടി ഇവിടെ എത്തിയത് എങ്ങനെയെന്നതടക്കമുള്ള സംശയങ്ങള്‍ നാട്ടുകാര്‍ ഉയര്‍ത്തുകയാണ്.

ഒറ്റയ്ക്ക് ഇവിടേക്ക് വരുന്ന സ്വഭാവക്കാരിയല്ല കുട്ടിയെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീടിനു പുറത്തുണ്ടായിരുന്നുവെന്ന് അയല്‍വാസികളും പറഞ്ഞു വയ്ക്കുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നു വസ്ത്രങ്ങളുടെ മനം പിടിച്ചോടിയ പോലീസ് നായ ആറിനു കുറുകെ നിരത്തിയിട്ട താല്‍ക്കാലിക പാലത്തിലെ മണല്‍ചാക്കുകള്‍ കടന്നു മറുകരയില്‍ 200 മീറ്ററോളം അകലെ ആളില്ലാത്ത വീട്ടിന്റെ വരാന്തയിലേക്കു കയറിയശേഷമാണ് തിരികെ വന്നതെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here