ഇറച്ചിവെട്ടുന്ന കത്തി’ മുതല്‍ ‘ചുറ്റിക’ വരെ ഞെട്ടിപ്പിക്കുന്ന ടൂളുകൾ: ‘വ്യത്യസ്തനായ’ ബാർബർ വൈറലാകുന്നു

മുടി മുറിക്കാന്‍ കത്രിക മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളോ? ചുറ്റികയോ ഇറച്ചിവെട്ടുന്ന കത്തിയോ ഉപയോഗിച്ച് വെട്ടിയാല്‍ എന്താ കുഴപ്പം. ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍. എന്നാല്‍ ഒരാള്‍ അത് ചിന്തിക്കുക മാത്രമല്ല, നടപ്പിലാക്കുകയും ചെയ്തു! ഏത് ആയുധം കൊണ്ടും മുടിവെട്ടാമെന്ന് കാണിച്ച് തരികയാണ് ലാഹോര്‍ സ്വദേശിയായ ബാർബർ അലി അബ്ബാസ്. മുടി സ്‌റ്റൈല്‍ ചെയ്യുന്നതിന് പാരമ്പര്യേതര രീതികളെ വെല്ലുവിളിച്ചു കൊണ്ടുള്ള അലി അബ്ബാസിന്റെ വീഡിയോകളാണ് ഇന്റെര്‍നെറ്റിലെ പുത്തന്‍ സെന്‍സേഷന്‍.

ഒരു വൈറല്‍ വീഡിയോയില്‍ ഗ്ലാസ്, ചുറ്റിക, ഇറച്ചിവെട്ടുന്ന കത്തി എന്നിവയാണ് അബ്ബാസ് ഉപയോഗിക്കുന്നത്. എന്തിന്, മുടി സ്‌റ്റൈല്‍ ചെയ്യാനെത്തുന്നവരുടെ മുടിക്ക് തീ പോലും കൊളുത്തുന്നുണ്ട് ഈ വൈറല്‍ ബാര്‍ബര്‍. ഇങ്ങനെ മുടിക്ക് തീ കൊടുത്തുകൊണ്ട് ഒരു സവിശേഷ ഹെയര്‍ കട്ടിംഗ്, സ്‌റ്റൈലിംഗ് രീതി തന്നെ അദ്ദേഹം ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ബിസിനസ്സ് വളര്‍ത്തുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തേടുന്ന 2021 വർഷത്തിൽ അബ്ബാസും തന്റെ ഇടം കണ്ടെത്തുകയാണ്. ‘മുടി സ്‌റ്റൈല്‍ ചെയ്യുന്നതിന് പുതിയ വഴികള്‍ സൃഷ്ടിക്കുകയാണ്  ലക്ഷ്യം, അതിന് ചുറ്റിക, ആണി എന്നിവയെല്ലാം ഉപയോഗിച്ചുള്ള എന്റെ പരീക്ഷണം വിജയമാകുന്നു’ അബ്ബാസ് പറയുന്നു. അസാധാരണവും വ്യത്യസ്തവുമായ എന്തെങ്കിലും നിരന്തരം ചെയ്യാനാണ് അബ്ബാസ് ആഗ്രഹിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി ഈ രീതി പരീക്ഷിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്, അതാണ് വിജയ രഹസ്യവും, അബ്ബാസ് പങ്കുവെക്കുന്നു.

യുട്യൂബില്‍ ARY സ്റ്റോറീസ് അപ്ലോഡ് ചെയ്ത വീഡിയോയില്‍, മുടി സ്‌റ്റൈലിംഗ് ചെയ്യുമ്പോള്‍ താന്‍ ഉപയോഗിക്കുന്ന വിദ്യകള്‍ അബ്ബാസ് കാണിക്കുന്നുണ്ട്. കത്രിക ഉപയോഗിച്ച് മുറിക്കുന്ന പഴഞ്ചന്‍ രീതിക്ക് പകരം അദ്ദേഹം ഗ്ലാസ് ഉപയോഗിക്കുന്നു. ഈ വ്യത്യസ്തമായ ഹെയര്‍സ്‌റ്റൈലിംഗ് രീതി തങ്ങളുടെ തലയില്‍ പരീക്ഷിക്കാന്‍ ആളുകളും ആവേശത്തിലാണ്. അബ്ബാസ് കത്തി മൂര്‍ച്ച കൂട്ടുന്നത് കാണാന്‍ തന്നെ വളരെ രസകരമാണ്.

പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകള്‍ പോലും അദ്ദേഹത്തിന്റെ ഹെയര്‍സ്‌റ്റൈലിംഗ് ട്രെന്‍ഡ് പരീക്ഷിച്ചു എന്നതാണ് രസകരമായ കാര്യം. ആദ്യമായി വരുന്നവര്‍ മുതല്‍ വിദേശ ക്ലയന്റുകള്‍ വരെ ഈ ഹെയര്‍ ആര്‍ട്ടിസ്റ്റിന്റെ കരവിരുതിന്‍റെ ആരാധകരായുണ്ട്. ‘അബ്ബാസ് എന്റെ മുടി മുറിക്കുമ്പോള്‍ എനിക്ക് ആദ്യം ഭയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ ലുക്കില്‍ ഞാന്‍ ശരിക്കും സംതൃപ്തയാണ്. അടുത്ത തവണയും അബ്ബാസിനെ തേടിത്തന്നെ ഞാന്‍ വരും’ ഒരു സ്ത്രീ തന്റെ അനുഭവം പങ്കുവെക്കുന്നു.

തീ ഉപയോഗിക്കുന്ന ഹെയര്‍സ്‌റ്റൈലിസ്റ്റുകളുടെ നിരവധി വീഡിയോകള്‍ മുമ്പ് വൈറലായിട്ടുണ്ട്, പക്ഷേ ഒരു പടികൂടി കടന്ന ഈ പുത്തന്‍ വീഡിയോ ആളുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു. മുടിക്ക് തീപിടിപ്പിച്ച് കൊണ്ടുള്ള ഹെയര്‍ സ്‌റ്റൈലിംഗ് എത്ര കണ്ടാലും മടുക്കില്ല എന്നതും വീണ്ടും വീണ്ടും കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here