കണ്ണൂർ: സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക ലോക്ക്‌ഡൗൺ വേണ്ടിവന്നേക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൊവിഡ് കേസുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ വേണ്ടിവരും. എന്നാൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ജീവൻ മാത്രമല്ല, അവരുടെ ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ട്. ഇതിനാൽ സമ്പൂണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധ വാക്‌സിൻ ക്ഷാമം സംസ്ഥാനത്തുള്ളത് ആശങ്കയുണ്ടാക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനോട് കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. 50 ലക്ഷം ഡോസ് വാക്‌സിൻ ചോദിച്ചിട്ട് പകുതി പോലും ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

മെഗാ വാക്‌സിനേഷൻ മുഖേനെ എല്ലാവർക്കും കൊവിഡ് വാക്‌സിൻ നൽകാനുള്ള ശ്രമത്തിലാണ് കേരളം. ഇതിനിടെയാണ് വാക്‌സിൻ ക്ഷാമം അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും വക്‌സിൻ ക്ഷാമം തുടർന്നാണ് സംസ്ഥാനത്തിൻ്റെ മെഗാ വാക്‌സിനേഷൻ പദ്ധതി തകരും. കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ വാക്‌സിൻ നേരിട്ട് വാങ്ങാൻ സംസ്ഥാനങ്ങൾക്ക് സാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പല്ല സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിൻ്റെ സ്‌റ്റോക്ക് കുറഞ്ഞതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മിക്ക ജില്ലകളിലും ഇന്ന് വാക്‌സിനേഷൻ മുടങ്ങുമെന്നാണ് റിപ്പോർട്ട്. വാക്‌സിൻ്റെ സ്‌റ്റോക്കിൽ കുറവ് വന്നതോടെ ക്യാമ്പുകൾ തൽക്കാലും നിർത്തിവെക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചതായി റിപ്പോർട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here