കിഫ്ബി: അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി, നിയമസഭയില്‍ പ്രതിപക്ഷ ബഹളം

0
4

തിരുവനന്തപുരം: കിഫ്ബിക്കെതിരായ മന്ത്രി ജി. സുധാകരന്‍റെ പ്രസ്താവന ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതിനെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.  അടിയന്തര പ്രമേയത്തിന് അനുമതി തേടി വി.ഡി സതീശൻ നൽകിയ നോട്ടീസ് അവതരിപ്പിക്കാൻ സ്പീക്കർ അനുവദിച്ചില്ല. സ്പീക്കറുടെ നടപടിയിൽ സഭക്കുള്ളിൽ പ്രതിഷേധിച്ച പ്രതിപക്ഷം അനുമതി നൽകുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

ആദ്യ സബ്മിഷനായി വിഷയം പരിഗണിക്കാമെന്നും പി. ശ്രീരാമകൃഷ്ണൻ സഭയെ അറിയിച്ചു. വേണമെങ്കിൽ വിഷയം ധനാഭ്യർഥനക്കിടെ അവതരിപ്പിക്കാം. പ്രധാന്യമില്ലാത്ത വിഷയങ്ങൾ ചട്ടം ലംഘിച്ച് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നും സ്പീക്കർ റൂളിങ് നൽകി.  പ്രതിപക്ഷത്തിന്‍റെ  അവകാശം സ്പീക്കർ സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടത് സംബന്ധിച്ച വിഷയം സഭയിലല്ലാതെ എവിടെയാണ് പറയേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് വിഷയം സബ്മിഷനായി അവതരിപ്പിച്ച വി.ഡി സതീശനും ആരോപിച്ചു. മുഖ്യമന്ത്രി അറിയാതെ കിഫ്ബി ഒാഫീസിൽ എങ്ങനെ റെയ്ഡ് നടക്കുമെന്നും സതീശൻ ചോദിച്ചു. കൂടാതെ മന്ത്രി ജി. സുധാകരന്‍റെ കിഫ്ബിക്കെതിരായ പ്രസംഗത്തിന്‍റെ സിഡി സതീശൻ സഭയുടെ മേശപുറത്തുവെച്ചു. കിഫ്ബിക്കെതിരെ ഒരക്ഷരം പോലും മന്ത്രി സുധാകരൻ പറഞ്ഞിട്ടില്ലന്ന് മുഖമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു.  മാധ്യമങ്ങൾ പക്ഷം ചേർന്നാണ് വാർത്തകൾ  നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി. സുധാകരനും സഭയിൽ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here