തിരുവനന്തപുരം: കേരളാ സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ ജീവനക്കാരനെ പ്രതിയാക്കി പോലീസ് കേസെടുത്തു. സെക്ഷന്‍ ക്ലര്‍ക്ക് വിനോദിനെതിരെയാണ് കേസെടുത്തത്. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ പരീക്ഷയിൽ മാര്‍ക്ക് തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട് വഞ്ചനാകുറ്റം ഉൾപ്പെടെ ചുമത്തി കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. സംഭവത്തില്‍ സെക്ഷന്‍ ക്ലര്‍ക്ക് വിനോദിനെ സർവകലാശാല നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് അവസാന സെമസ്റ്റര്‍ പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. മാര്‍ക്ക് തിരുത്തി നൂറിലേറെ വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചെന്നായിരുന്നു പ്രഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനു പിന്നാലെ സര്‍വകലാശാല നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ക്ലര്‍ക്ക് വിനോദിനെതിരെ വഞ്ചാനാ കുറ്റത്തിനു പുറമെ ഐ.ടി. നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി വിനോദ് മാര്‍ക്ക് തിരുത്തിയെന്നാണ് സര്‍വകലാശാല നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിനായി പോലീസിന് പരാതി നല്‍കിയത്. പരീക്ഷ ടാബുലേഷന്‍ സോഫ്റ്റ്വെയറിലെ പഴുതുകള്‍ ഉപയോഗിച്ചാണ് മാര്‍ക്ക് തിരിമറി നടത്തിയത്.
പാസ്വേഡുകള് കൈകാര്യം ചെയ്യാന്‍ സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കിയതോടെയാണ് മാര്‍ക്ക് തിരിമറിക്ക് വഴിതുറന്നത്. മറ്റു പരീക്ഷകളിലും മാര്‍ക്ക് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന്പോലീസ് പരിശോധിക്കും.
അതേസമയം ഗുരുതരമായ ക്രമക്കേടില്‍ ഒരുദ്യോഗസ്ഥനില്‍ മാത്രം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് സോഫ്റ്റ്വെയറില് കയറി തിരുത്തിയെന്നാണ് കണ്ടെത്തല്‍. സംഭവം വാര്‍ത്തയായതിന് പിന്നാലെ എ വിനോദിനെ സര്‍വകലാശാല സസ്പെന്റ് ചെയ്തത്.
അതേസമയം സോഫ്റ്റ്വെയറില് കയറി മാര്‍ക്ക് തിരുത്താന്‍ സെക്ഷന്‍ ഓഫീസര്‍ മാത്രം ശ്രമിച്ചാല്‍ സാധ്യമാകുമോയെന്ന ചോദ്യം ചില ജീവനക്കാർ ഉയർത്തുന്നുണ്ട്. സോഫ്റ്റ്വെയര് വിഭാഗം കൈകാര്യം ചെയ്തിരുന്ന വിനോദില്‍ മാത്രം പഴിചാരിയാണ് സര്‍വകലാശാല നടപടിയും. പരീക്ഷ കണ്ട്രോളര് ഉത്തരവാദിത്തം പറയേണ്ട സാഹചര്യത്തില്‍ ആ നിലക്കും നടപടിയും അന്വേഷണങ്ങളും നീങ്ങുന്നില്ലെന്നും ആക്ഷേപമുണ്ട്.