UPDATING / 14 ജില്ലകളിലും റെഡ് അലര്‍ട്ട്, പത്തനംതിട്ട അതീവ ഗുരുതരാവസ്ഥയില്‍, സൈന്യം പുറപ്പെട്ടു

0

തിരുവനന്തപുരം: മഴ സ്വതന്ത്രമായി ദുരിതം പെയ്തിറക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുട നീളം. എല്ലാ ജില്ലകളും പ്രളയക്കെടുതിയിലാണ്.തിരുവനന്തപുരം അടക്കം എല്ലാ ജില്ലകളിലും ശക്തമായ മഴയാണ്. 18 വരെ കനത്ത മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

33 ഡാമുകള്‍ തുറന്നിരിക്കയാണ്. സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന മാനിക്കാതെ അവസാന നിമിഷം വരെ കാത്തശേഷം മുല്ലപ്പെരിയാറും തുറന്നു. ഇതോടെ ഇടുക്കിയില്‍ നിന്ന് ഒഴുക്കേണ്ടി വന്നിരിക്കുന്നത് സെക്കന്‍ഡില്‍ 12 ലക്ഷം ലിറ്റര്‍ വെള്ളം. പെരിയാറിന്റെ തീരത്ത് അതീവ ഗുരുതരമായ സ്ഥിതിയാണ്.

Updating…

 • അപ്രതീക്ഷിതമായി വെള്ളം പൊള്ളിയ പത്തനംതിട്ടയിലെ വിവിധ മേഖലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഹെലികോപ്ടറിലും ബോട്ടുകള്‍ വഴിയും വീടുകളുടെ മുകളിലത്തെ നിലയിലും ടെറസിലും കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. വിമാനമാര്‍ഗം രക്ഷിച്ച് തലസ്ഥാനത്തെത്തിക്കുന്നവര്‍ക്കായി തിരുവനന്തപുരത്ത് താല്‍ക്കാലിക ക്യാമ്പ് തുറന്നിട്ടുണ്ട്.
 • മലപ്പുറത്ത പെരിങ്ങാവില്‍ കുന്ന് ഇടിഞ്ഞു രണ്ടു നില വീട്ടിനു മുകളിലേക്ക് വീണസ്ഥലത്തുനിന്ന് ഏഴു മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഒരാളെ ജീവനോടെ നേരത്തെ രക്ഷപെട്ടടുത്തിയിരുന്നു.
 • മലപ്പുറത്ത് രണ്ടു നില വീട്ടിനു മുകളിലേക്ക് കുന്ന് ഇടിഞ്ഞു വീണ് കെട്ടിടം പുര്‍ണ്ണമായും തകര്‍ന്നു. ഗൃഹനാഥനെ രക്ഷപെടുത്തി. നാലു പേറ വീട്ടിനുള്ളില്‍ കുടുങ്ങി കിടന്നുത്തായി സംശയം. വീടിന്റെ മുകള്‍ ഭാഗം ഒഴികെ ബാക്കി മണ്ണു മൂടിയ നിലയിലാണ്. രക്ഷാ പ്രവര്‍ത്തനം തുടരുന്നു.

 • കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ ആവശ്യപ്പെടാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.
 • സംസ്ഥാനത്ത് ഓഗസ്റ്റ് 9ന് തുടങ്ങിയ മഴയിലുണ്ടായ മരണം 42 ആയി. ഏഴു പേരെ കാണാതായിട്ടുണ്ട്. 14 പേര്‍ മുങ്ങിയും 26 പേര്‍ മണ്ണിടിച്ചിലിലുമാണ് മരിച്ചത്. 354 വീടുകള്‍ പൂര്‍ണ്ണമായും 4588 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
 • ചെറുതോണി ഡാമില്‍ നിന്ന് കൂടുതല്‍ ജലം തുറന്നുവിടും. ഒരു മണിയോടെ 1100 ക്യംമെക്‌സും രണ്ടു മണിയോടെ 1200 ക്യംമെക്‌സും ജലം പുറത്തേക്ക് ഒഴുക്കും.
 • നെടുമ്പാശ്ശേരിയില്‍ നിന്നുള്ള സര്‍വീസുകള്‍ ഉച്ചയ്ക്കു രണ്ടുവരെ നിര്‍ത്തി. മൂന്നാറില്‍ തകര്‍ന്ന ലോഡ്ജില്‍ കുടുങ്ങിയ ദമ്പതികളില്‍ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. മുല്ലപ്പെരിയാര്‍ കൂടി തുറന്നതോടെ പെരിയാറിന്റെ തീരത്ത് വെള്ളം വീണ്ടും കുതിച്ചുയരുന്നു…
 • ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ തീരത്തിനടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെയാണ് വീണ്ടും ശക്തമായ മഴ തുടങ്ങിയിരിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ തയാറായി നില്‍ക്കാന്‍ സുരക്ഷാ സേനകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. റവന്യൂ ഉദ്യോഗസ്ഥരോട് അടിയന്തരമായി ഓഫീസിലെത്താന്‍ നിര്‍ദേശം നല്‍കി.
 • നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയതോടെ വിമാനഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ആദ്യം ഏതാനും മണിക്കൂറുകളിലേക്ക് നിര്‍ത്തിവച്ച ഗതാഗതം നാലു ദിവസത്തേക്ക് അടച്ചു. ഓപ്പറേഷന്‍സ് ഏരിയായില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്. ശനിയാഴ്ച മാത്രമേ ഇനി വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങൂ.
 • സെക്കന്‍ഡില്‍ 4490 ഘനഅടി വെള്ളം ഒഴുക്കി വിട്ടിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുകയാണ്. ഇവിടുന്നുള്ള വെള്ളം കൂടിയായതോടെ ഇടുക്കിയിലും ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. ചെറുതോണിയില്‍ നിന്ന് ഒഴുക്കി വിട്ടിരുന്ന വെള്ളം ഇരട്ടിയോളം വര്‍ദ്ധിപ്പിക്കേണ്ട സ്ഥിതിയാണ്. നിലവില്‍ ഏഴു ലക്ഷത്തോളം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ ചെറുതോണിയില്‍ നിന്ന് തുറന്നുവിട്ടിരുന്നത്. ഇത് 10 ലക്ഷത്തിനു മുകളില്‍ 12 ലക്ഷത്തോളംവരെ ഉയര്‍ത്തേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. പെരിയാര്‍ തീരത്തുള്ള അയ്യായിരത്തോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
 • നേരത്തേതിനെക്കാള്‍ വേഗത്തിലും കൂടിയ ഒഴുക്കിലും പെരിയാറില്‍ വെള്ളം പൊങ്ങുന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലും വെള്ളം പൊങ്ങി തുടങ്ങിയിട്ടുണ്ട്. പമ്പയിലും അതിവേഗം വെള്ളം ഉയരുകയാണ്. ശബരിമല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഷോളയാര്‍, പെരിങ്ങന്‍ക്കുത്ത്, അപ്പര്‍ നീരാര്‍, ലോവര്‍ നീരാര്‍ ഡാമുകള്‍ കൂടി തുറന്നതോടെ തുറന്നിരിക്കുന്ന ഡാമുകളുടെ എണ്ണം 33 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here