എങ്ങനെ ജനങ്ങളോടു പെരുമാറണമെന്നതില്‍ പോലീസുകാര്‍ക്ക് മികച്ച ട്രെയിനിംഗ് നല്‍കണമെന്ന് ഓര്‍മ്മപ്പെടുത്തി പോലീസ് ട്രെയിനിങ്ങ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഇന്നലെയാണ് സംഭവം. ‘കേരള സൈബര്‍ വാരിയേഴ്സ്’ എന്ന ഹാക്കര്‍ സംഘമാണ് പോലീസ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്.
നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കുന്നതിനിടെ മാതാപിതാക്കള്‍ വെന്തുമരിച്ച രഞ്ജിത്ത് പിതാവിനുവേണ്ടി ശവക്കുഴി എടുക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പോലീസുകാരന്റെ ഹൃദയശ്യൂന്യമായ വാക്കുകളടക്കമുള്ള ചിത്രം പോസ്റ്റുചെയ്താണ് ഹാക്കര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
”ഇനിയെന്റെ അമ്മയും കൂടയേ മരിക്കാനുള്ളൂ…സാറേ…!!” – എന്ന കുട്ടി പറയുമ്പോള്‍ ‘അതിനു ഞാന്‍ എന്തുവേണം” എന്നായിരുന്നു പോലീസുകാരന്റെ ഹൃദയശ്യൂന്യമായ മറുചോദ്യം. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോലീസിനെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

ഇതിനുപിന്നാലെയാണ് ഇന്നലെ ഹാക്കര്‍മാര്‍ പോലീസ് ട്രെയിനിങ്ങ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഈ ചിത്രം പോസ്റ്റുചെയ്തത്. കാക്കിയ്ക്കുള്ളിലെ ക്രിമിനലുകളെ പുറത്താക്കി പോലീസ് സേനയെ ശുദ്ധീകരിക്കണമെന്നും ഈ ചൂണ്ടുവിരല്‍ ഒരുമാറ്റത്തിനു തുടക്കമാകട്ടെയെന്നും ഹാക്കര്‍മാര്‍ കുറിച്ചു.
ഹാക്കര്‍മാരുടെ പ്രതിഷേധത്തിന് സോഷ്യല്‍മീഡിയായില്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചത്. പോലീസ് https://www.keralapoliceacademy.gov.in/ – എന്ന വെബ്സൈറ്റ് ഇതുവരെയും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തായതോടെ വെബ്സൈറ്റ് മരവിപ്പിച്ചിരിക്കയാണ് പോലീസ്.