തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ, മൂന്ന് മാസം മാത്രം അകലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിലേക്ക് സി.പി.എം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 22 മുതല്‍ ജില്ലാ പര്യടനം നടത്തും. കൊല്ലത്ത് നിന്നാവും തുടക്കം.

പതിന്നാല് ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി, അതതിടങ്ങളിലെ ഗസ്റ്റ് ഹൗസുകളില്‍ തങ്ങി ജില്ലയിലെ സാമൂഹിക, സാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. അതില്‍ ഉരുത്തിരിയുന്ന ആശയങ്ങളും നിര്‍ദ്ദേശങ്ങളും കൂടി ഉള്‍ക്കൊണ്ടാവും ഇടതുമുന്നണിയുടെ പുതിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കുക. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

തദ്ദേശ ഫലം പുറത്ത് വരുന്നതിന് മുമ്ബ് തീരുമാനിച്ചതായിരുന്നു മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണ സാദ്ധ്യത ഉറപ്പാക്കുംവിധമാണ് പരിപാടിയുടെ ആസൂത്രണം. ജനുവരി രണ്ടാം വാരത്തോടെ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ചേരും. അതിന് മുമ്ബ് പര്യടനം പൂര്‍ത്തിയാക്കും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ജനകീയ പരിപാടികള്‍ അടുത്ത ബഡ്ജറ്റിലും ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

സര്‍ക്കാരിന്റെ ജനക്ഷേമ, വികസന നേട്ടങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊണ്ടതിന്റെ സൂചനയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് വിധിയെ സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്. കൊവിഡ് കാലത്തെ സമൂഹ അടുക്കളയും, ഇപ്പോഴും തുടരുന്ന ഭക്ഷ്യക്കിറ്റ് വിതരണവുമെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ഇടതു പ്രചാരണം ശരിയെന്ന് തെളിഞ്ഞതിന്റെ സൂചന കൂടിയാണിത്. ഇനിയങ്ങോട്ട് കൂടുതല്‍ ജനകീയ ഇടപെടലുകള്‍ക്ക് മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബും പിണറായി വിജയന്‍ ജില്ലകളിലൂടെ സഞ്ചരിച്ച്‌ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു. 2016 ഫെബ്രുവരിയില്‍ നടത്തിയ നവകേരള യാത്രയുടെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച.

LEAVE A REPLY

Please enter your comment!
Please enter your name here