പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു; കൊട്ടിക്കലാശമില്ലെങ്കിലും ആവേശം കുറഞ്ഞില്ല

കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കൊട്ടിക്കലാശം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുണ്ട്. എന്നാൽ മൈക്ക് പ്രചാരണത്തിന് നിശ്ചിത സമയംവരെ തടസമുണ്ടാകില്ല. അതുകൊണ്ട് തന്നെ ആവേശം ഒട്ടുംകുറയാതെ ആകും പരസ്യപ്രചാരണം അവസാനിപ്പിച്ച് മുന്നണികളും സ്ഥാനാർഥികളും നിശബ്ദപ്രചാരണത്തിലേക്ക് കടന്നത്.

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സീറ്റുകളിലേക്ക് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. നാളെ നിശബ്ദപ്രചാരണം നടക്കും. പരസ്യപ്രചരണം അവസാനിക്കുന്നതോടെ മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്തവര്‍ അവിടെ നിന്ന് മാറണം. പരസ്യപ്രചാരണം അവസാനിച്ച് പോളിങ് തീരുന്നതുവരെ ഉച്ചഭാഷണികളോ മൈക്കോ ഉപയോഗിച്ചുള്ള ഒരു പ്രചാരണവും പാടില്ല.

പരസ്യപ്രചാരണത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കവെ വോട്ടുറപ്പിക്കാൻ മുന്നണികളും സ്ഥാനാർഥികളും അവസാന ഓട്ടത്തിലാണ്. ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ വിവിധ മുന്നണികൾക്കായി അവസാന നിമിഷവും രംഗത്തുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, സിപിഎം നേതാവ് വൃന്ദാ കാരാട്ട്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരാണ് പ്രചാരണരംഗത്ത് സജീവമായുള്ളത്.

പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നക്സൽബാധിത പ്രദേശങ്ങളിൽ വൈകീട്ട് ആറുവരെയും മറ്റിടങ്ങളിൽ ഏഴുവരെയുമാണ് പരസ്യപ്രചാരണം. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അഭ്യര്‍ഥന പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശത്തിനു പൂര്‍ണവിലക്കേര്‍പ്പെടുത്തിയത്. രാജ്യത്ത് കൊവിഡ്-19 കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here