കേരളം പ്രളയസാധ്യതയേറെയുള്ള പ്രദേശമെന്ന് പഠനം; പ്രകൃതി ദുരന്തസാധ്യത വര്‍ധിക്കും

കോഴിക്കോട്: ആഗോള താപനത്തിന്റെ ഭാഗമായുള്ള കാലാവസ്ഥാ മാറ്റം കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാവിയില്‍ പ്രളയത്തിന് കാരണമായേക്കുമെന്ന് പഠനം. ട്രോപിക്കല്‍ മേഖലയിലെ മഴ ബെല്‍റ്റ് സ്ഥാനഭ്രംശം സംഭവിക്കുന്നതാണ് കാരണം.

27 കാലാവസ്ഥാ പ്രവചന മാതൃകകള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനം കഴിഞ്ഞ 18 ന് നേച്വര്‍ ക്ലൈമറ്റ് ചേഞ്ചിലാണ് പ്രസിദ്ധീകരിച്ചത്. ഒന്‍പത് വിദേശ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. 2100 ഓടെ ഭൂമധ്യരേഖാ സംയോജന മേഖല ഇപ്പോഴത്തെ സ്ഥാനത്തേക്കാള്‍ കൂടുതല്‍ വടക്കോട്ട് മാറുമെന്നാണ് അനുമാനിക്കുന്നത്.

ആഗോള കാലാവസ്ഥാ മാറ്റം തെക്കുകിഴക്കന്‍ ആഫ്രിക്കയിലും മഡഗാസ്‌കറിലും മധ്യ അമേരിക്കയിലും വരള്‍ച്ചക്കും കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ പ്രളയത്തിനും കാരണമായേക്കും എന്നാണ് നിരീക്ഷണം. ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്പെടുത്താനും കാരണമാകും. അതിതീവ്ര മഴ ലഭിക്കുന്നതിനാല്‍ പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കൂടാനും ഇടയാക്കും. ഇത് ഭക്ഷ്യസുരക്ഷ, ജൈവ വൈവിധ്യങ്ങള്‍ എന്നിവയെ ബാധിക്കുമെന്നാണ് പഠനമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂമധ്യരേഖാ സംയോജന മേഖല എന്നറിയപ്പെടുന്ന ന്യൂനമര്‍ദ മേഖലയെയാണ് മഴ ബെല്‍റ്റ് എന്നറിയപ്പെടുന്നത്. ഭൂമധ്യരേഖയോട് ചേര്‍ന്ന് ഭൂമിക്ക് ചുറ്റം അരഞ്ഞാണം പോലെ കാണപ്പെടുന്ന മേഖലയാണിത്. ഉത്തരാര്‍ധ, ദക്ഷിണാര്‍ധ ഗോളത്തിലെ കാറ്റിന്റെ പ്രവാഹങ്ങള്‍ സംഗമിക്കുന്നതിനാലാണ് ഇതിന് എന്ന പേര് ലഭിച്ചത്.
ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള ശീതകാലത്ത് ഇന്ത്യയില്‍ നിന്ന് തെക്ക് ഭൂമധ്യരേഖാ പ്രദേശത്തോട് ചേര്‍ന്നാണ് ഭൂമധ്യരേഖാ സംയോജന മേഖല കാണപ്പെടുന്നത്. ദക്ഷിണാര്‍ധ ഗോളത്തിലെ വേനല്‍ക്കാലമായതിനാലാണിത്. ഫെബ്രുവരി മുതല്‍ ഇത് വടക്കോട്ട് നീങ്ങിത്തുടങ്ങും.

മാര്‍ച്ച്- മെയ് മാസങ്ങളില്‍ ശ്രീലങ്കക്ക് സമീപം വരെയും ജൂണ്‍-ജൂലൈ മാസങ്ങളില്‍ വടക്കേ ഇന്ത്യയ്ക്ക് മുകളിലും എത്താറുണ്ട്. മണ്‍സൂണ്‍, വേനല്‍ മഴ എന്നിവയെ ഇത് സ്വാധീനിക്കുന്നു.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇപ്പോഴത്തെ ഭാഗത്ത് നിന്ന് കൂടുതല്‍ വടക്കോട്ട് നീങ്ങുന്ന മഴ ബെല്‍റ്റിന്റെ സ്ഥാനം കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലാകും. ഉത്തരാര്‍ധ ഗോളത്തിലെ താപനം ദക്ഷിണാര്‍ധ ഗോളത്തേക്കാള്‍ വര്‍ധിക്കുന്നതാണ് ഇതിനു കാരണം. ആര്‍ട്ടിക് സമുദ്രത്തിലെ ഐസ് ഉരുകുന്നതും ഹിമാലയത്തിലെ മഞ്ഞുരുകലും കൂടുന്നത് കാലാവസ്ഥയെ ബാധിക്കുന്ന അല്‍ബെഡോ പ്രതിഭാസം കുറയാന്‍ ഇടയാക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.

വെളുത്ത മഞ്ഞു മേഖലകള്‍ സൗരോര്‍ജത്തെ അന്തരീക്ഷത്തിലേക്ക് തന്നെ പ്രതിഫലിപ്പിക്കുന്നതാണ് അല്‍ബെഡോ പ്രതിഭാസം. ഐസ് ഇല്ലാതാകുന്നതോടെ അന്തരീക്ഷം കൂടുതല്‍ ചൂടാകുന്നതിനു കാരണമാകും. കേരളത്തില്‍ തുടര്‍ച്ചയായി പ്രളയം ആവര്‍ത്തിക്കുന്നത് ഉത്തരാര്‍ധ ഗോളത്തില്‍ ചൂട് കൂടുന്നതാണോ എന്ന ഗവേഷണവും നടക്കുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here