തടവിലാക്കിയതു മുതല്‍ കണക്കിലെടുക്കണം, ജയിലുകളില്‍ വിചാരണ തടവുകാര്‍ കൂടുന്നതിനെതിരെ ഹൈക്കോടതി

കൊച്ചി | സംസ്ഥാനത്തെ ജയിലുകളിലുള്ളവരില്‍ പകുതിയും വിചാരണ തടവുകാര്‍. വിചാരണത്തടവുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ഹൈക്കോടതി ജസ്റ്റിസുമാരായ കെ. വിനോദ്് ചന്ദ്രനും സി. ജയച്രന്ദനും അടങ്ങിയ ബെഞ്ച് ആശങ്ക രേഖപ്പെടുത്തി. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെ കണക്കനുസരിച്ച് 2020 ല്‍ കേരളത്തിലെ ജയിലുകളിലുള്ളതില്‍ 59 ശതമാനം പേര്‍ വിചാരണ തടവുകാരാണെന്നു കോടതി ചൂണ്ടിക്കാട്ടി.

പ്രതികളെ തടവിലാക്കിയത് എന്നുമുതലെന്ന് കണക്കിലെടുത്ത് വിചാരണ തുടങ്ങണമെന്നുകാട്ടി വിചാരണക്കോടതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്‍കണം. പ്രതികളുടെ കാരണംകൊണ്ടല്ലാതെ വിചാരണ നീണ്ടുപോയാല്‍ ജാമ്യം അനുവദിക്കുന്നതും കണക്കിലെടുക്കണം. ഇതിനായി ഉത്തരവിന്റെ പകര്‍പ്പ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കുവിടാന്‍ രജിസ്ട്രിയോട് നിര്‍ദേശിച്ചു.

കൊലപാതകക്കുറ്റമടക്കമുള്ള കേസുകളില്‍ അറസ്റ്റിലായി എട്ടുവര്‍ഷത്തോളം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയേണ്ടിവന്ന തമിഴ്‌നാട് സ്വദേശി ജാഹിര്‍ ഹുസൈനിന്റെ അപ്പീല്‍ അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഇടപെടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here