നിയമസഭാ വളപ്പില്‍ വിശാലമായ അഗതി മന്ദിരം, ക്യാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധി, തലസ്ഥാന നഗരവികസന പദ്ധതി രണ്ടിന് സ്‌പെഷല്‍ ഓഫീസര്‍… സാധാരണക്കാരന് അധിക ബാധ്യത സൃഷ്ടിച്ച് പ്രളയ സെസ് പിരിക്കാന്‍ തുടങ്ങുന്ന വേളയില്‍ പുറത്തുവരുന്ന ഉത്തരവുകള്‍ കണ്ടാല്‍ ആരും മൂക്കത്തു വിരല്‍ വച്ചുപോകും.

ഒത്തിരി പ്രതീക്ഷള്‍ നല്‍കി, വലത്തം കുറച്ചും ചെലവു ചുരുക്കിയും തുടങ്ങിയ പിണറായി സര്‍ക്കാരിന്റെ ഇപ്പോഴത്തെ പോക്ക് ഏങ്ങോട്ടെന്ന് ഉത്തരവുകളില്‍ നിന്നുതന്നെ വ്യക്തമാണ്. 19 മന്ത്രിമാര്‍ മതിയെന്ന് തീരുമാനിച്ചു തുടങ്ങിയയിടത്ത് 20 തികക്കേണ്ടി വന്നുവെന്നു മാത്രമല്ല, ഇപ്പോള്‍ ക്യാബിനറ്റ് റാങ്കില്‍ നാലു പേര്‍ കൂടിയായി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ തോറ്റ സിറ്റിംഗ് എം.പിയാണ് ഡോ. എ. സമ്പത്ത. ഡല്‍ഹിയിലെ കാര്യങ്ങള്‍ റസിഡന്റ് തസ്തികയിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്താല്‍ പോരെന്ന തിരിച്ചറിവിലാണ് പ്രത്യേക പ്രതിനിധിയായി നിയമനം. അദ്ദേഹത്തിനു മാത്രമായി മാസം ഒരു ലക്ഷം രൂപയോളം ചെലവിടണം. മന്ത്രിയ്ക്കു തുല്യമായ പദവിയില്‍ നിയമിക്കുമ്പോള്‍ പുതുതായി സൃഷ്ടിക്കേണ്ടി വന്നത് ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റ്, ഒരു ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികള്‍ കൂടിയാണ്. പുതിയ തസ്തികകള്‍ സൃഷ്ടിക്കുമ്പോള്‍ നിലവിലുള്ളതൊന്നും കുറയ്ക്കില്ലെന്ന ഉറപ്പാണ്.

തിരുവനന്തപുരത്തെ നിയമസഭാ വളപ്പില്‍ നാലു നിലകളിലായി 16,221 ചതുരശ്ര അടിയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനും നടപടിയായി. സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമുള്ള അഗതികള്‍ക്ക് താമസിക്കാനും വിപുലമായ സമ്മേളനങ്ങള്‍ക്ക് വേദിയൊരുക്കാനുമാണ് മന്ദിരത്തിന്റെ നിര്‍മ്മാണം. പ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യയില്‍ 4 നിലകളിലായിട്ട് നിര്‍മ്മാണം നടത്താന്‍ യോഗ്യരായ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 31നായിരുന്നു താല്‍പര്യ പത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി.

ടെക്‌നോസിറ്റി, വിഴിഞ്ഞം പദ്ധതികളെ ഉള്‍പ്പെടുത്തി തലസ്ഥാനത്തു നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഔട്ടര്‍ റിംഗ് റോഡ് അടക്കമുള്ളവ ഉള്‍പ്പെടുന്ന തലസ്ഥാനനഗര വികസന പദ്ധതി രണ്ടിലെ സ്‌പെഷല്‍ ഓഫീസര്‍ നിയമനവും ചര്‍ച്ചയാവുകയാണ്. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുന്നോക്ക വികസന ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനായ ആര്‍. ബാലകൃഷ്ണ പിള്ളയുടെ മരുമകനുമായ ടി.ബാലകൃഷ്ണനെയാണ് വിരമിക്കുമ്പോഴുണ്ടായിരുന്ന ശമ്പളത്തില്‍ നിയമിക്കുന്നത്.

നിലവിലെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു കൂടിയാണ് പുതിയ നിയമനങ്ങളിലൂടെ പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here