തിരുവനന്തപുരം: വാസസ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിനു പുറമേ 4.60 ലക്ഷം രൂപയും നല്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയുടെ പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അല്ലെങ്കില്‍ നഷ്ടപരിഹാരവും 1,60,000 രൂപയും ലൈഫ് മാതൃകയില്‍ വീടും നിര്‍മിച്ചു നല്‍കും. വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും 5 സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 5 സെന്റ് ഭൂമിയും 4 ലക്ഷം രൂപയും, അതല്ലെങ്കില്‍ നഷ്ടപരിഹാരവും 10 ലക്ഷവും നല്‍കുമെന്ന് പാക്കേജ് പറയുന്നു.
കാലിത്തൊഴുത്ത് പൊളിച്ചുനീക്കേണ്ടി വന്നാല്‍ 25000-50000 രൂപ നിരക്കിലും വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരത്തിനൊപ്പം അധികമായി ലഭിക്കും. വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടമാകുന്നവര്‍ക്ക് 2 ലക്ഷം രൂപ, വാസസ്ഥലം നഷ്ടമാകുന്ന വാടകക്കാര്‍ക്ക് 30,000 രൂപ എന്നിങ്ങനെയും പാക്കേജ് നിഷ്കര്‍ഷിക്കുന്നു.
സ്വയം തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക്: 50,000, ഒഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക്: 6000 വീതം 6 മാസം, പെട്ടിക്കടകള്‍ക്ക്: 25,000-50,000 രൂപ വരെ, പുറമ്പോക്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക്: ചമയങ്ങളുടെ വിലയും 5000 വീതം 6 മാസം എന്നിങ്ങനെയും ലഭിക്കുമെന്ന് പാക്കേജ് പറയുന്നു.
പദ്ധതി ബാധിക്കുന്ന കുടുംബാംഗങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയുടെ നിയമനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കും. കച്ചവട സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് കെ റെയില്‍ നിര്‍മിക്കുന്ന വാണിജ്യ സമുച്ഛയങ്ങളിലെ കടമുറികളില്‍ മുന്‍ഗണന നല്‍കാനും പാക്കേജില്‍ തീരുമാനിച്ചിട്ടുണ്ട്.