രാജ്ഭവന്റെ അന്തസ് കെടുത്തിയാൽ പുറത്താക്കുമെന്ന് മന്ത്രിമാർക്ക് ഗവർണറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം | സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത പുതിയ തലങ്ങളിലേക്ക്. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചതിനു പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിമാർക്ക് പരസ്യ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ രാജ്ഭവന്റെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ മന്ത്രിമാർ നടത്തുന്നത് സ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ക്ഷണിച്ചു വരുത്തുന്നതാന്നെന്ന് ഗവർണർ ട്വീറ്റ് ചെയ്തു.

പല വിഷയങ്ങളിലും ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നിലനിൽക്കുകയാണ്. മുഖ്യമന്ത്രിയുട വിദേശ യാത്ര അറിയിച്ച രീതിയിൽ അടക്കം ഗവർണർക്ക് അതൃപ്തിയുണ്ട്. കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ സേർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല തയാറാകാത്തതിനെ തുടർന്ന് 15 സെനറ്റ് അംഗങ്ങളെ ഗവർണർ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ലോകായുക്ത, സർവകലാശാല ഭേദഗതി ബില്ലുകളിലും ഗവർണർ ഒപ്പിട്ടിട്ടില്ല. മന്ത്രിമാർ വന്ന് വിശദീകരിച്ചശേഷം തീരുമാനമെടുക്കാം എന്നായിരുന്നു ഗവർണറുടെ നിലപാട്.

സർവകലാശാല ഭേദഗതി ബിൽ ഒപ്പിടാൻ വൈകുന്നതിനെ മന്ത്രി ആർ. ബിന്ദു അടക്കുള്ളവർ വിമർശിക്കുകയും ചെയ്തിരുന്നു. ആർഎസ്എസിന്റെ പാളയത്തിൽ പോയാണ് ഗവർണർ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും മന്ത്രി ആർ.ബിന്ദു ആരോപിച്ചിരുന്നു. കേരള സർവകലാശാലയിൽ നിന്നു 15 സെനറ്റ് അംഗങ്ങളെ ഒഴിവാക്കിയ ശേഷമാണ് ഗവർണർ മന്ത്രിമാർക്കു മുന്നറിയിപ്പ് നൽകുന്നത്.

ഗവർണറുടെ മുന്നറിയിപ്പിനെ അനുകൂലിച്ചും വിമർശിച്ചും പ്രമുഖർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
.

English Summary: Governor Arif Mohammad Khan’s Warning For Ministers

LEAVE A REPLY

Please enter your comment!
Please enter your name here