മഴ: ഓണാഘോഷം റദ്ദാക്കി, വീണ്ടും കേന്ദ്രസംഘം എത്തണമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി. ഓണാഘോഷത്തിനായി വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രളയബാധിത പ്രദേശങ്ങളില്‍ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കാലാവസ്ഥ പരിഗണിച്ചു നെഹ്‌റു ട്രോഫിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും.

27 ഡാമുകള്‍ തുറന്നു വിടേണ്ടി വന്നു. വ്യാപക കൃഷിനാശം ഉണ്ടായി. 215 ഇടങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായി. വളര്‍ത്തു മൃഗങ്ങളെ നഷ്ടമായി. 10000 കിലോമീറ്റര്‍ റോഡുകള്‍ തകര്‍ന്നു. 30000ത്തോളം പേര്‍ ഇപ്പോഴും ക്യാംപില്‍ തന്നെ. ജീവനോപാധികള്‍ പലര്‍ക്കും നഷ്ടമായി. വെള്ളവും ചെളിയും പല വീടുകളിലും കെട്ടിക്കിടക്കുന്നു. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചു.

സൈനിക അര്‍ദ്ധ സൈനിക വിഭവങ്ങളും സന്നദ്ധ പ്രവര്‍ത്തകരും സഹകരിച്ചു. നാടൊന്നാകെ സഹകരിക്കുകയാണ്. കണക്കുകള്‍ പ്രകാരം 8316 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിലുണ്ടായിട്ടുള്ളത്. വ്യക്തികളും സ്ഥാപനങ്ങളും ഓണാഘോഷത്തിനു നീക്കിവയ്ക്കുന്ന തുക ദുരിതാശ്വാസത്തിനു സംഭാവന ചെയ്യണം. സര്‍ക്കാര്‍ സ്വകാര്യ കമ്പനി ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വീടുകളില്‍ നിന്ന് മാറിത്താമസിക്കേണ്ടി വന്ന ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10,000 രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. പുര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്ക് നാലു ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മൂന്നു മുതല്‍ അഞ്ചു സെന്റു വരെ സ്ഥലം വാങ്ങുന്നതിനായി പരമാവധി അഞ്ചു ലക്ഷം രുപവരെ നല്‍കും.

കേന്ദ്രം അനുകൂല നിലപാടാണ് സ്വീകരിച്ചത്. വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയവര്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here