പ്രകൃതിസംരക്ഷണമെന്നത് മുഖംമൂടിയാക്കിയ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് രണ്ടാംപ്രളയത്തിനിടയിലും വിവിധകോണുകളില്‍ ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രീയ കക്ഷികളെ മാറ്റിനിര്‍ത്തുന്നില്ലെങ്കിലും പിണറായി സര്‍ക്കാര്‍ അവരേക്കാള്‍ ആവേശത്തോടെ പാറമടലോബിയെയും മറ്റ് മാഫിയകളെയും സഹായിക്കുന്ന നിലപാടുമായി മുന്നോട്ടുപോയത്.

ജനവാസ കേന്ദ്രങ്ങളില്‍നിന്നുള്ള പാറമടകളുടെ ദൂരപരിധി 50 മീറ്ററാക്കി ചുരുക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് ആക്കംകൂട്ടുന്ന ആദ്യനടപടിക്ക് തുടക്കമിട്ടത്. നാടുനീളെ ഇതിനെ എതിര്‍ത്ത ഇടതുപക്ഷം അധികാരത്തിലെത്തിയതോടെ 50 മീറ്റര്‍ പരിധിപോലും ബാധകമല്ലെന്ന വ്യവസ്ഥയാണ് ഉണ്ടാക്കിയത്.

തണ്ണീര്‍ത്തടനിയമങ്ങളില്‍ വെള്ളംചേര്‍ത്തും അനധികൃത നിര്‍മ്മാണത്തിന് ഒത്താശചെയ്തും വനഭൂമികള്‍ കൈയേറുന്നവര്‍ക്ക് ചൂട്ടുപിടിച്ചും എല്ലാ ഇടത് അനുഭാവികളെയും ഞെട്ടിച്ചുകൊണ്ടാണ് പിണറായി മുന്നോട്ടുപോയതും.

പുഴകളും മലകളും പാറകളും സംരക്ഷിക്കണമെന്ന് മുറവിളിക്കുന്നവരെ സാമൂഹ്യദ്രോഹികളും വികസനവിരുദ്ധരുമാക്കി ചിത്രീകരിക്കാന്‍ മുഖ്യമന്ത്രി പലവട്ടം ശ്രമിച്ചു. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്ന തോട്ടമുടമകള്‍ക്കു ഇളവുകള്‍ നല്‍കിയും ഇടതുസര്‍ക്കാര്‍ ഞെട്ടിച്ചു.

കോണ്‍ഗ്രസിലെ ഘടകകക്ഷിയായ മുസ്ലിംലീഗിലെ പ്രമുഖനേതാവിന്റെ പങ്കാളിത്തമുള്ള ഒരു ഗ്രൂപ്പും പൂഞ്ഞാറ്റിലെ ഒരു നേതാവിന്റെ പങ്കാളിത്തമുള്ള ഗ്രൂപ്പുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ പാറമടകള്‍വരെ കൈയ്യടക്കിയത്.

പിണറായി സര്‍ക്കാര്‍ വന്നിട്ടും ഇവരുടെ പ്രവര്‍ത്തനം പൂര്‍വ്വാധികം ഭംഗിയായി നടക്കുന്നുണ്ടെന്നതില്‍നിന്നും പാറമടലോബിയുടെ സ്വാധീനം എത്രത്തോളം ശക്തമാണെന്ന് തിരിച്ചറിയാനാകും. ഇടതുപക്ഷത്തിന്റെ പ്രദേശികനേതാക്കളടക്കം വിവിധസ്ഥലങ്ങളിലെ പാറമടലോബിയുടെ ദല്ലാളന്മാരെന്നതും പരസ്യമായ രഹസ്യമാണ്.

കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ പ്രതിഷേധം ഭയന്ന് ചെയ്യാന്‍ മടിക്കുന്ന എല്ലാക്കാര്യങ്ങളും ഇടതുപക്ഷം അതിവേഗം ചെയ്യുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മിണ്ടാതെ നില്‍ക്കുന്നതിന്റെ അപകടം കൂടിയാണ് ജനം അനുഭവിക്കുന്നത്.

പ്രകൃതിസംരക്ഷകരെന്ന ഇടതുപക്ഷത്തിന്റെ മുഖംമൂടി ഓരോ ദുരന്തമുഖത്തും അഴിഞ്ഞുവീഴുന്ന കാഴ്ചയാണ് കേരളജനത കണ്ടറിയുന്നതും. ഇക്കാര്യങ്ങള്‍ നവമാധ്യമക്കൂട്ടായ്മകളില്‍ സജീവ ചര്‍ച്ചയായിത്തുടങ്ങിയിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here