തകര്‍ന്നത് 11,000 വീടുകള്‍, കറണ്ട് നഷ്ടപ്പെട്ടത് 26 ലക്ഷം പേര്‍ക്ക്, 1200 ട്രാന്‍സ്‌ഫോമറുകള്‍ ഇപ്പോഴും വെള്ളത്തില്‍

0

പ്രളയമേഖലയില്‍ നിന്ന് വെള്ളം ഇറങ്ങുമ്പോള്‍ ദുരന്തത്തിന്റെ നേര്‍ചിത്രങ്ങള്‍ വ്യക്തമാകുന്നു. 11,001 വീടുകള്‍ സംസ്ഥാനത്ത് തകര്‍ന്ന അവസ്ഥയിലാണ്. ഇതില്‍ 699 വീടുകള്‍ പൂര്‍ണ്ണമായും 10,302 എണ്ണം ഭാഗികമായും തകര്‍ന്നു. 26 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി.

10,000 ട്രാന്‍സ്‌ഫോമറുകളാണ് ഓഫ് ചെയ്യേണ്ടി വന്നത്. ഏകദേശം 1200 എണ്ണം ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയ സ്ഥിതിയിലാണ്. വൈദ്യുതി ബോര്‍ഡിന്റെ അഞ്ച് ഉല്‍പ്പാദന നിലയങ്ങളും 28 സബ് സ്‌റ്റേഷനുകളും പ്രവര്‍ത്തനം നിര്‍ത്തിയിരിക്കയാണ്. വൈദ്യുതി വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പന:സ്ഥാപിക്കാനുള്ള നടപടികളിലാണ് ബോര്‍ഡ്. ജീവനക്കാര്‍ക്ക് അവധി പൂര്‍ണ്ണമായും ഒഴിവാക്കും. കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ താമസം നേരിടുന്ന വീടുകളില്‍ എര്‍ത്ത് ലീക്കേജ്, സര്‍ക്യൂട്ട് ബ്രേക്കര്‍ തുടങ്ങിയ ഉള്‍പ്പെടുത്തി ഒരു ലൈറ്റ്, പ്ലഗ് പോയിന്റ് എന്നിവ ഉള്‍പ്പെടുത്തി താല്‍ക്കാലിക കണക്ഷന്‍ നല്‍കും.

2.80 ലക്ഷം കര്‍ഷകരുടെ 45,988 ഹെക്ടറിലെ കൃഷി ഒലിച്ചു പോയി. വീടുകളിലും കൃഷിയിലുമായി ഏകദേശ നഷ്ടം 1100 കോടി രൂപയ്ക്കടുത്താണ്.

രക്ഷാ ദൗത്യം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 30,000 പേര്‍ ഇനിയും പ്രളയ ബാധിത മേഖലകളിലുണ്ട്. പുറത്തെത്തിക്കാന്‍ ആവശ്യപ്പെട്ട എല്ലാവരെയും എത്തിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. അവശേഷിക്കുന്നവര്‍ അപകട പ്രദേശങ്ങളിലല്ലെന്നും പുറത്തേക്കു വരാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതിനാലാണ് മാറ്റാത്തതെന്നുമാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here