തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 10 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയില്‍ നാലു, കോഴിക്കോട്, കോട്ടയം രണ്ടു വീതം, തിരുവനന്തപുരം, കൊല്ലം ഒന്നു വീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എട്ടു പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് രോഗം ബാധിച്ച 447 പേരില്‍ 129 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു. 23,876 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരും. ബാക്കി 10 ജില്ലകള്‍ ഓറഞ്ച് സോണിലാകും. നേരത്തെ ഗ്രിന്സോണില് ഇളവുകള്‍ ലഭിച്ച കോട്ടയം, ഇടുക്കി ജില്ലകള്‍ ഇനി ഓറഞ്ച് സോണിലായിരിക്കും.
ഓറഞ്ച് മേഖലകളിലെ പത്ത് ജില്ലകളില്‍ ഹോട്സ്പോട്ടായ പഞ്ചായത്തുകള്‍ അടച്ചിടും. മുനിസിപ്പാലിറ്റികളില്‍ വാര്‍ഡുകളും കോര്‍പ്പറേഷനുകളില്‍ ഡിവിഷനുകളും അടച്ചിടും. എവിടൊക്കെയാണ് ഹോട്സ്പോട്ടായി വരികയെന്നത് ജില്ലാ ഭരണകൂടം തീരുമാനിക്കും. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ 10 റിയല്‍ ടൈം പി.സി.ആര് യന്ത്രങ്ങള്‍ വാങ്ങും. നിലവില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും അതിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകള്‍ ഇരുവശത്തേക്കും കടക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കും.
അതിര്‍ത്തി കടന്ന ഡോക്ടര്‍ ദമ്പതികളെ നിരീക്ഷണത്തിലാക്കിയെന്നും ഇത്തരക്കാര്‍ക്കെതിരെ അടക്കം കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പിണറായി വ്യക്തമാക്കി.