ശമ്പളം, പെന്‍ഷന്‍ പലിശ ആവശ്യങ്ങള്‍ക്ക് 68 ശതമാനം, ബാക്കി വികസനത്തിന്

0
2

തിരുവനന്തപുരം: പശ്ചാത്തലസൗകര്യ വികസനത്തിന് 25,000 കോടി രൂപയുടെ പരിപാടികള്‍, 5,628 കോടി രൂപയുടെ 182 റോഡുകള്‍, 2,557 കോടി രൂപയുടെ 69 പാലങ്ങള്‍, ആര്‍.ഒ.ബി.കള്‍, മേല്‍പ്പാലങ്ങള്‍, 6,500 കോടി രൂപയുടെ തീരദേശഹൈവേയ്ക്കും 3,500 കോടി രൂപയുടെ മലയോരഹൈവേയ്ക്കും നിര്‍മ്മാണാനുമതി… പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു.

പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിനും നിലവാരവര്‍ദ്ധനയ്ക്കും 1,000 കോടിയുടെ പദ്ധതികള്‍, 1696 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2,500 തസ്തികകള്‍, ജീവിതശൈലീരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണ പ്രതിരോധവും സൗജന്യ ചികിത്സയും തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ബജറ്റില്‍ സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ 1,100 രൂപയാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.

നോട്ടുനിരോധനം ഉളവാക്കിയ പ്രതിസന്ധിയെക്കുറിച്ച് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞ പ്രസ്താവനയെക്കുറിച്ച് സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. നോട്ടുനിരോധനം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികരംഗത്ത് ഗുരുതര പ്രതിസന്ധി നേരിട്ടു. ബാങ്കുകളില്‍ പണമുണ്ട്. എന്നാല്‍ വായ്പയെടുക്കാന്‍ ആളില്ല എന്ന സ്ഥിതിയെന്ന് ധനമന്ത്രി. ബാങ്ക് വായ്പയില്‍ 4.7 ശതമാനം മാത്രം വര്‍ധനയെന്നും അദ്ദേഹം വിശദീകരിച്ചു.

എംടിയുടെ ‘നാലുകെട്ടിലെ ‘അപ്പുണ്ണി’യെ ഉദാഹരിച്ചാണ് സംസ്ഥാനത്തെ സാമ്പത്തിക നില ഇക്കുറി ഐസക് വിശദീകരിച്ചത്. നോട്ടുനിരോധനത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധമായി കിഫ്ബി മാറുമെന്നും കിഫ്ബിയുടെ ആദ്യ ധനകാര്യവര്‍ഷം തന്നെ 15,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

1,19,124 കോടി രൂപ വരവും 1,19,601 കോടി രൂപ ചെവലും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇതിന്റെ 68 ശതമാനം ശമ്പളം പെന്‍ഷന്‍ പലിശ ആവശ്യങ്ങള്‍ക്കാണ് മാറ്റി വച്ചിരിക്കുന്നത്. ശമ്പളത്തിന് 31,909 കോടി രൂപയും പെന്‍ഷന്‍ ചെലവുകള്‍ക്ക് 18,174 കോടി രൂപയും പലിശയിനത്തില്‍ 13,631 കോടി രൂപയും ബജറ്റില്‍ മാറ്റി വച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here