ഭൂമിയുടെ ന്യായവില വര്‍ദ്ധിപ്പിക്കും, പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി, 2 ലക്ഷം വരെ വാഹനങ്ങളുടെ നികുതി കൂട്ടും

തിരുവനന്തപുരം: ആര്‍.സി.സിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും. കിഫ്ബിക്കു കീഴില്‍ 70,0762 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് 80 കോടി രൂപയുടെ അധികവരുമാനം കണ്ടെത്താനും ബജറ്റില്‍ നിര്‍ദേശം. ഭൂമിയുടെ ന്യായവില പരിശോധിക്കുന്നതില്‍ സമിതിയെ നിയോഗിക്കും. ന്യായവിലയില്‍ 10 ശതമാനം ഒറ്റത്തവണ വര്‍ദ്ധിപ്പിച്ച് 200 കോടി രൂപ അധികസമാഹരണം നടത്തും.

പഴയ വാഹനങ്ങള്‍ക്കു ഹരിത നികുതി ഏര്‍പ്പെടുത്തി 10 കോടി രൂപ വരുമാനം നേടും. രണ്ടു ലക്ഷം രൂപവരെയുള്ള മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റതവണ മോട്ടോര്‍ നികുതി ഒരു ശതമാനം വര്‍ദ്ധിപ്പിക്കും. അതേസമയം, ടൂറിസം മേഖലയിലുള്ള കാരവന്‍ വാഹനങ്ങളുടെ നികതി കുറച്ചു.

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കും. ആരോഗ്യമേഖലയ്ക്ക് 2,629 കോടി രൂപ വകയിരുത്തി. കൊച്ചി കാന്‍സര്‍ സെന്ററിനു 4 കോടിയും മലബാര്‍ കാന്‍സര്‍ സെന്ററിനു 28 കോടി രൂപയും കാരുണ്യ പദ്ധതിക്കു 500 കോടി രൂപയും നീക്കിവച്ചു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ടിന് 50 കോടി രൂപ നീക്കിവച്ചു.

ലൈഫ് മിഷന്‍ പദ്ധതിക്കു 1771 കോടി രൂപ നീക്കിവച്ചു. നഗരങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്റ്റുഡിയോ അപാര്‍ട്ടുമെന്റ് പദ്ധതി നടപ്പാക്കാന്‍ 10 കോടി വകയിരുത്തി. റീബില്‍ഡ് കേരള പദ്ധതിക്കു 1600 കോടി രൂപ വകയിരുത്തി.

അങ്കണവാടികളിലെ കുട്ടികള്‍ക്ക് പാലും മുട്ടയും ആഴ്ചയില്‍ രണ്ടു ദിവസം ഉറപ്പാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കാനുള്ള പദ്ധതിക്കു 9 കോടി രൂപ നീക്കി വച്ചു. പ്രളയ സെസ്, അധികമായി അടച്ച തുകയ്ക്ക് റീ ഫണ്ട് ലഭിക്കാത്ത സ്ഥിതി എന്നി പരിഹരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here