യു.ഡി.എഫ് ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും: ജസ്റ്റിസ് കമാല്‍ പാഷ

കൊച്ചി: യു.ഡി.എഫ് ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം ചിന്തിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ. ലീഗിന്‍റെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പല കാര്യങ്ങള്‍ തുറന്നു പറയുന്നത് കൊണ്ട് സി.പിഎം സഖാക്കള്‍ക്ക് തന്നോട് എതിര്‍പ്പാണെന്നും കമാല്‍ പാഷ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബി.ജെ.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് പുറമേ അവരുടെ ഭരണരീതിയോട് തന്നെ എതിര്‍പ്പാണെന്നും കമാല്‍ പാഷ വ്യക്തമാക്കി.

മല്‍സരിക്കുകയാണെങ്കില്‍ എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ നില്‍ക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് മല്‍സരിക്കാനുള്ള ആലോചനയെന്നും എംഎല്‍എ ആയാല്‍ തനിക്ക് ശമ്ബളം വേണ്ടന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ തുറന്നുകൊടുത്ത സംഭവത്തില്‍ പ്രതികരണവുമായി കമാല്‍ പാഷ രംഗത്തെത്തിയത് വിവാദമായിരുന്നു. വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം എന്നോര്‍ക്കണം. പൊതുജനങ്ങളുടെ പണം, പൊതുജനങ്ങളുടെ സ്ഥലം. അതില്‍ കയറാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അദ്ദേഹം നിരവധി സമരങ്ങളില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here