കീഴാറ്റൂരില്‍ പുതിയ പോര്‍മുഖം, ബി.ജെ.പി വയല്‍ക്കിളി നേതാക്കള്‍ക്ക് ഗഡ്കരിയുടെ ഉറപ്പ്

0

ഡല്‍ഹി: വയല്‍ക്കിളികളുടെ ആവശ്യം കേന്ദ്രം പരിഗണിച്ചതോടെ കീഴാറ്റൂരില്‍ പുതിയ പേര്‍മുഖം തുറന്നു. സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി വയല്‍കിളികളും ബി.ജെ.പി നേതാക്കളും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടു.

ബദല്‍ മാര്‍ഗം പരിഗണിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാമെന്ന് ഗഡ്കരി സമ്മതിച്ചതോടെ പ്രതിഷേധവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. ഇതോടെ നേരത്തെ തന്നെ ഉടക്കിലുള്ള കേന്ദ്ര സംസ്ഥാന ബന്ധം കൂടുതല്‍ വഷളാക്കിയത്.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ പ്രതികരണമാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തിയത്. ചര്‍ച്ചയില്‍ സമരക്കാരുടെ ആശങ്ക പരിഹരിക്കാതെ ബൈപ്പാസ് നിര്‍മാണവുമായി മുന്നോട്ടുപോകില്ലെന്ന് ഉറപ്പുനല്‍കിയ ഗഡ്കരി വയല്‍ക്കിളികള്‍ മുന്നോട്ടുവച്ച ബദല്‍ സാധ്യത പരിശോധിക്കുന്നതിന് വിദഗ്ധ സംഘത്തെ കീഴാറ്റൂരിലേക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചേ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളൂവെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ദേശീയ പാതാ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയില്‍ നിലവിലെ അലൈമെന്റ് പുന:പരിശോധിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കുമെന്നു കണ്ണന്താനം പറഞ്ഞു.

ചര്‍ച്ചയില്‍ കണ്ണന്താനത്തെ കൂടാതെ വി.മുരളീധരന്‍ എം.പി, ബി.ജെ.പി നേതാക്കളായ പി.കെ കൃഷ്ണദാസ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സത്യരാജ്, കെ. രഞ്ജിത്, സമരസമിതി നേതാക്കളായ സുരേഷ് കീഴാറ്റൂര്‍, നമ്പ്രത്ത് ജാനകി തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here