തിരുവനന്തപുരം | കഴക്കൂട്ടത്തു നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ഉദ്്ഘാടന ചടങ്ങുകള്‍ക്കു മുന്നേ യാത്രയ്ക്കായി തുറന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി 2.71 കിലോമീറ്റര്‍ നീളമുള്ള മേല്‍പാലം തുറന്നത്.
ദേശീയപാത 66 ല്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടം – മുക്കോല റീച്ചിന്റെ ഭാഗമാണ് കഴക്കൂട്ടത്തെ നാലുവരി എലിവേറ്റഡ് പാത. ദേശീയപാത അതോറിറ്റിയാണ് 200 കോടിയോളം രൂപ മുടക്കി മേല്‍നോട്ടം വഹിച്ച് പദ്ധതി പൂര്‍ത്തിയാക്കിയത്. 2018ലാണ് എലിവേറ്റഡ് ഹൈവേയുടെ പണി ആരംഭിച്ചത്. ഇരുഭാഗത്തും 7.5 മീറ്ററില്‍ സര്‍വീസ് റോഡുണ്ട്. 61 തൂണുകളാണ് പാലത്തിനുള്ളത്. ഏകദേശം 220 ലൈറ്റുകള്‍ പാതയുടെ മുകള്‍ ഭാഗത്തും താഴെയുമായി സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാത ബൈപാസും നഗരത്തിലൂടെയുള്ള പഴയ ദേശീയപാതയും സംഗമിക്കുന്ന ഏറ്റവും തിരക്കേറിയ കഴക്കൂട്ടം ജംക്ഷനില്‍ പ്രവേശിക്കാതെയാണ് നാലുവരി എലിവേറ്റഡ് ഹൈവേ കടന്നുപോകുന്നത്.
കൊല്ലം ഭാഗത്തു നിന്നെത്തുന്നവര്‍ക്ക് കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കു സമീപത്തു നിന്ന് ഹൈവേയിലേക്ക് കയറാം. നേരേ ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3 നു സമീപമാണ് പാത ചെന്നു അവസാനിക്കുന്നത്. കാര്യവട്ടം, ശ്രീകാര്യം തുടങ്ങിയ ഭാഗങ്ങളിലേക്കു പോകേണ്ടവര്‍ക്കു മാത്രമേ ഇനി കഴക്കൂട്ടം ജംക്ഷനിലേക്കു കടക്കേണ്ടതുള്ളൂ.
സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയെന്നാണു അധികൃതര്‍ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, 3.2 കിലോമീറ്ററില്‍ ആലപ്പുഴ ബൈപാസില്‍, ബീച്ചിനു സമാന്തരമായി നിര്‍മിച്ച പാതയാണ് നിലവില്‍ കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ. ആലപ്പുഴയിലേത് രണ്ടു വരി പാത ആയതിനാല്‍ നാലുവരി എലിവേറ്റഡ് ഹൈവേകളില്‍ നീളം കൂടിയതാണ് കഴക്കൂട്ടത്തേത്.