ന്യൂയോര്‍ക്ക്: സിഖ് സമൂഹത്തിന്റെ ആധ്യാത്മിക ഗുരുവും സിഖ് മതസ്ഥാപകനുമായ ഗുരുനാനാക്കിന്റെ അന്ത്യവിശ്രമസ്ഥലമായ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരാ വിഷയം ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി ഇന്ത്യ. പാക്ഭരണകൂടം സിഖ്മതസ്ഥരെ കര്‍താര്‍പൂര്‍ സംരക്ഷണം ഏല്‍പ്പിക്കാന്‍ വിസമ്മതിക്കുന്നതിനെ വിമര്‍ശിച്ചാണ് ഇന്ത്യ വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സമ്പൂര്‍ണ്ണമായി സിഖ്ഇതര സമൂഹത്തില്‍പ്പെട്ടവരുടെ ഒരു സമിതിയ്ക്കാണ് കര്‍താര്‍പൂര്‍ ഗുരുദ്വാരയുടേയും തീര്‍ത്ഥാടനത്തിന്റേയും ചുമതല ഇമ്രാന്‍ഖാന്‍ ഭരണകൂടം ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യ ആരോപിച്ചു.

കഴിഞ്ഞ മാസമാണ് പാകിസ്താന്‍ കര്‍താര്‍പൂര്‍ ഗുരുദ്വാര സമിതി പുന:സംഘടിപ്പിച്ചത്. ഇത് ഐക്യരാഷ്ട്രസഭയുടെ പരമപ്രധാന ലക്ഷ്യമായ സാംസ്‌കാരികവും സമാധാനപരവുമായ ഐക്യത്തിന് എതിരാണെന്നും ഇന്ത്യ പറഞ്ഞു. ഉദ്യോഗസ്ഥ വൃന്ദത്തെ കര്‍താര്‍പൂറിന്റെ സംരക്ഷണം ഏല്‍പ്പിച്ചത് ആരാധനാലയത്തോടുള്ള അവഹേളനമാണെന്നും ഇന്ത്യ സൂചിപ്പിച്ചു. പാകിസ്താനിലെ മതന്യൂനപക്ഷങ്ങളെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുന്ന ഭരണകൂട നടപടിയുടെ തുടര്‍ച്ചയാണിതെന്ന ഇന്ത്യ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടിയും ആശങ്കയും ഇന്ത്യന്‍ പ്രതിനിധി സഭയ്ക്ക് മുമ്പാകെ വച്ചു.

വര്‍ഷങ്ങളായി കര്‍താര്‍പൂര്‍ സംരക്ഷണം നടത്താതേയും നൂറ്റാണ്ടുകളായി നടന്നുവന്നിരുന്ന തീര്‍ത്ഥാടനത്തിന് വേണ്ടത്ര സൗകര്യം ഒരുക്കാതേയും അവഗണിക്കുകയായിരുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. നിരന്തരചര്‍ച്ചകള്‍ക്കൊടുവിലാണ് കര്‍താര്‍പൂരില്‍ കഴിഞ്ഞ വര്‍ഷം സംവിധാനങ്ങളൊരുക്കാന്‍ ഇമ്രാന്‍ഖാന്‍ തുക വകയിരുത്തിയത്. എന്നാല്‍ ഭീകരസംഘടനകളില്‍പ്പെട്ടവരെ തീര്‍ത്ഥാടന കാലഘട്ടങ്ങളില്‍ കര്‍താര്‍പൂരില്‍ വന്നുപോകാന്‍ അനുവദിച്ചതും ഇന്ത്യ ചൂണ്ടിക്കാട്ടി. സിഖ്‌സമൂഹത്തിനിടയില്‍ ദേശവിരുദ്ധ ചിന്ത സൃഷ്ടിക്കുന്ന ഖാലിസ്ഥാന്‍ ഭീകര നേതാക്കള്‍ കര്‍താര്‍പൂര്‍ തീര്‍ത്ഥാടനത്തില്‍ പാകിസ്താന്റെ ഔദ്യോഗിക പ്രതിനിധികളായാണ് പങ്കെടുത്തതെന്നും ഇന്ത്യ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here