ഹിജാബ് അവിഭാജ്യഘടകമല്ല, നിരോധനം ശരിവച്ചു ഹൈക്കോടതി, ഹര്‍ജികള്‍ തള്ളി

ബെംഗളൂരു | വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനു എതിരായ ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തളളി. ഹിജാബ് അവിഭാജ്യ ഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ വിശാല ബെഞ്ച് വിധിച്ചു. മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. സര്‍ക്കാരിനു നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു. കോളേജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ വിധിപറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗബെഞ്ച് രണ്ടുദിവസത്തെ വാദം കേട്ടശേഷം ഹര്‍ജികള്‍ വിശാലബെഞ്ചിനു വിടുകയായിരുന്നു.

വിധി പ്രഖ്യാപനത്തിന് മുന്നോടിയായി ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്ച മുതല്‍ 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികള്‍, ആഹ്ലാദപ്രകടനങ്ങള്‍, കൂടിച്ചേരലുകള്‍ എന്നിവ പാടില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ കമാല്‍ പന്ത് ഉത്തരവില്‍ വ്യക്തമാക്കി. ധര്‍വാദ്, കല്‍ബുര്‍ഗി ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശിവമോഗ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ സ്‌കൂളുകളും കോളേജുകളും ചൊവ്വാഴ്ച അടഞ്ഞുകിടക്കുകയാണ്.

Karnataka High Court dismisses petitions filed by Muslim girls seeking permission to wear hijab in classroom. HC says that we are of the considered opinion wearing of Hijab by Muslim women does not form a part of essential religious practice in Islamic faith.

LEAVE A REPLY

Please enter your comment!
Please enter your name here