ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ ലൈംഗിക പീഡനം ബലാത്സംഗം തന്നെയെന്ന് കര്‍ണാടക ഹൈക്കോടതി, വിവാഹ ജീവിതത്തിലെ ബലാല്‍സംഗം കുറ്റകരമാക്കാത്ത 375-ാം വകുപ്പ് വീണ്ടും ചര്‍ച്ചയാകുന്നു

ബംഗളൂരു | പുരുഷന്‍ പുരഷനും പ്രവര്‍ത്തി പ്രവര്‍ത്തിയും തന്നെയാണ്. ബലാത്സംഗം ബലാത്സംഗവും തന്നെ. അത് ഭര്‍ത്താവായ പുരുഷന്‍ ഭാര്യയായ സ്ത്രീയില്‍ നടത്തിയതുകൊണ്ട് അങ്ങനെ അല്ലാതാവുന്നില്ല. അത്തരമൊരു വാദത്തെ അംഗീകരിക്കാനാവില്ലെന്നു കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവ് തന്നെ ലൈംഗിക അടിമയായി കാണുന്നുവെന്നും മകളുടെ സാന്നിദ്ധ്യത്തില്‍ പ്രകൃതി വിരുദ്ധ ബന്ധത്തിനു നിര്‍ബന്ധിക്കുന്നുവെന്നും ആരോപിച്ച് ഭാര്യ നല്‍കിയ കേസ് തള്ളാനാകില്ലെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി. ഭാര്യയുടെ ശരീരത്തിന്റെ മനസ്സിന്റെയും ആത്മാവിന്റെയും ഉടമസ്ഥന്‍ ഭര്‍ത്തവാണെന്നത് അറുപഴഞ്ചന്‍ ചിന്താഗതിയാണെന്നു കോടതി വ്യക്തമാക്കി.

ഭര്‍ത്താവിന്റെ സ്വവര്‍ഗ രതി, ഗാര്‍ഹിക പീഡനം, ഒമ്പതു വയസുള്ള മകള്‍ക്കു മുന്നില്‍പോലും ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന തുടങ്ങിയ പരാതികള്‍ ഉന്നയിച്ച് ഭാര്യ പോലീസിനെ സമീപിച്ചത് 2017ലാണ്. അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് ബലാത്സംഗത്തിനുള്ള ശിക്ഷ ലഭിക്കുന്ന ഐ.പി.സി വകുപ്പുകളും ഭര്‍ത്താവിനെതിരെ ചുമത്തി. കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നു സംരക്ഷിക്കുന്ന നിയമത്തിലെ സെക്ഷന്‍ 5 (എം), (എല്‍), സെക്ഷന്‍ 6 എന്നിവയാണ് ചുമത്തിയത്. ഭര്‍ത്താവിന്റെ ക്രൂരത, ബലാത്സംഗം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ വിചാരണ കോടതി ശരിവച്ചതോടെയാണ് ഭര്‍ത്താവ് ഹൈക്കോടതിയിലെത്തിയത്.

വിവാഹ ജീവിതത്തിലെ ലൈംഗിക പീഡനം
വിവിധ തലങ്ങളില്‍ ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുന്ന വിഷയമാണ് വിവാഹ ജീവിതത്തിലെ ലൈംഗിക പീഡനം അഥവാ മാരിറ്റല്‍ റേപ്പ്. വിഷയത്തില്‍ സമഗ്ര മാറ്റമാണ് ആഗ്രഹിക്കുന്നതെന്നും നിലവില്‍ ക്രിമിനല്‍ കുറ്റമാക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. 
സമാനമായ കേസില്‍ ജനുവരിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഭാര്യയുടെ സമ്മതമില്ലാതെ നടത്തുന്ന ലൈംഗികബന്ധം ബലാല്‍സംഗമായി കാണാനാവില്ലെന്നു ഛത്തീസ്ഗഡ് ഹൈക്കോടതി കഴിഞ്ഞവര്‍ഷം വിധിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. സാക്ഷരത, മിക്ക സ്ത്രീകള്‍ക്കും സാമ്പത്തിക സുരക്ഷിതത്വമില്ലായ്മ, സമൂഹ മനോഭാവം, രാജ്യത്തിന്റെ വൈവിധ്യം, പട്ടിണി തുടങ്ങി നിരവധി ഘടകങ്ങളെ പരിഗണിച്ചു മാത്രമേ മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കാനുള്ള തീരുമാനമെടുക്കാനാകൂവെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായവും തേടേണ്ടതുണ്ട്. ലോ കമ്മിഷന്റെ 172 -ാമത് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരിശോധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, റിവ്യൂ ഓഫ് റേപ്പ് ലായില്‍ മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ല. 375 ഒഴിവാക്കിയാല്‍ ഗാര്‍ഹിക പീഡനം (ഐപിസി 498 എ) അനുസരിച്ച് ഭര്‍ത്താവിനും ഭാര്യയ്ക്കും ഇടയിലെ ഒത്തു തീര്‍പ്പുകളെ പ്രസ്തുത നടപടി എതിരായി ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു.
ഭാര്യക്കു പ്രായപൂര്‍ത്തിയായില്ലെങ്കില്‍ മാത്രമേ ഇതു കുറ്റകരമാകൂ. എന്നാല്‍, പങ്കാളിക്കു താല്‍പര്യമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതു വിവാഹമോചനം അനുവദിക്കാന്‍ തക്ക ക്രൂരതയാണെന്നു കേരള ഹൈക്കോടതി ഒരു കേസില്‍ കഴിഞ്ഞവര്‍ഷം വിധിച്ചിട്ടുണ്ട്.

പുരുഷനും ഭാര്യയും തമ്മിലുള്ള ലൈംഗിക ബന്ധം നിര്‍ബന്ധിതമാണെങ്കിലും 375-ാം വകുപ്പ് ക്രിമിനല്‍ കുറ്റമാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബലാത്സംഗ കുറ്റം ഒഴിവാക്കണമെന്ന യുവാവിന്റെ അപേക്ഷയാണ് കോടതി നിരസിച്ചിരിക്കുന്നത്. ഐ.പി.സിയുടെ 375-ാം വകുപ്പില്‍ നിന്ന് വൈവാഹിക ബലാത്സംഗത്തെ ഒഴിവാക്കുന്നതിനെ ജഡ്ജി ചോദ്യം ചെയ്തിട്ടുള്ളത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രതിപാദിച്ചിരിക്കുന്ന സമത്വതത്വത്തിനു വിരുദ്ധമാണെന്നും പിന്നോട്ടുപോക്കാണെന്നും നിരീക്ഷിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയായ സ്ത്രീയുമായുള്ള വിവാഹ ജീവിതത്തിലെ ബലാല്‍സംഗം കുറ്റകരമാക്കാത്ത ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 375-ാം വകുപ്പ് നിലനിര്‍ത്തിയാല്‍ ഭരണഘടനയിലെ ലിംഗസമത്വമെന്ന ആശയം തന്നെ തകരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ മാനസിക, ശാരീരിക അവസ്ഥകളെ ഭര്‍ത്താവിന്റെ പീഡനം ഗുരുതരമായി ബാധിക്കും. അവളുടെ ഹൃദയത്തില്‍ മുറിവേല്‍ക്കുന്നത് തിരിച്ചറിയണം. നിയമനിര്‍മാണ സ്ഥാപനങ്ങള്‍ ഇനിയെങ്കിലും ഇത്തരം സ്ത്രീകളുടെ നിശ്ശബ്ദ വിലാപം കേള്‍ക്കാന്‍ തയാറാകണമെന്നും കോടതി പറഞ്ഞു.

The Karnataka High Court has ruled that sexual harassment by a husband is a crime of rape. Justice M Nagaprasanna refused to drop rape charges framed by a trial court against a man for his wife’s sexual assault, ruling that the marriage doesn’t confer any special male privilege or a license for unleashing a “brutal beast” on the wife.

LEAVE A REPLY

Please enter your comment!
Please enter your name here