കരിപ്പൂരിലെ സിബിഐ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ ക്രമക്കേട് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സി.ബി.ഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തു. സി.ബി.ഐ റെയ്ഡ് 24 മണിക്കൂർ നീണ്ടു. ഇന്നലെ പുലർച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ ആയിരുന്നു.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. വിദേശ സിഗരറ്റ് പെട്ടികളും സി.ബി.ഐ പിടിച്ചെടുത്തവയിലുണ്ട്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ വീണ്ടും അകത്തേക്ക് വിളിച്ച് സിബിഐ അന്വേഷണ സംഘം പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് സ്വര്‍ണവും അനധികൃതമായി കടത്തുകയായിരുന്നു മറ്റ് വസ്തുക്കളും പിടിച്ചെടുത്തത്. പാസ്പോര്‍ട്ട് വാങ്ങിവെച്ചതിന് ശേഷം യാത്രക്കാരെ പറഞ്ഞയച്ചു. കസ്റ്റംസ് അധികൃതര്‍ക്കെതിരെ എന്ത് നടപടിയെടുക്കും എന്ന കാര്യത്തില്‍ സിബിഐ വ്യക്തത വരുത്തിയിട്ടില്ല.

ഒരാഴ്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സി.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് നടന്നതിന്റെയും അത് പിടികൂടിയതിന്റെയും അടിസ്ഥാനത്തിലായിരുന്നു സിബിഐ പരിശോധന. ഡി.ആര്‍.ഐയുടെ സഹകരണത്തോടെയായിരുന്നു റെയ്ഡ്. സി.ബി.ഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കായെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here