കണ്ണുര്‍: കണ്ണുര്‍ ജില്ലയിലെ ജയിലുകളില്‍ കോവിഡ് പടരാന്‍ തുടങ്ങിയതോടെ തടവുകാരും ജയില്‍ ജീവനക്കാരും ഭീതിയിലായി. കഴിഞ്ഞ ദിവസം മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി ഷിനോസിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തലശേരി സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് ഇയാള്‍ക്ക് കോവിഡ് പോസറ്റീവായി സ്ഥിരീകരിച്ചത്. ഷിനോസിനെ കോടതിയില്‍ ഹാജരാക്കോനോ പൊലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിട്ടുനല്‍കാനോ അതു കൊണ്ട് കഴിഞ്ഞില്ല.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും സ്ഥിതി ആശങ്കാജനകമാണ്. ഇവിടെ നാല് തടവുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രായമായവര്‍ താമസിക്കുന്ന ബ്ലോക്കിലുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇന്നും നാളെയുമായി മുഴുവന്‍ അന്തേവാസികളെയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു.വിവിധ കേസുകളില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്നവരിലൂടെയാണ് കണ്ണുരിലെ ജയിലുകളില്‍ കോവിഡ് വ്യാപനമുണ്ടാകുന്നത്. പ്രായമേറിയ തടവുകാരില്‍ പലര്‍ക്കും ഗുരുതരമായ അസുഖങ്ങളുണ്ട്.

അതു കൊണ്ടു തന്നെ കോവിഡ് വ്യാപനം ഇവരെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ക്ക് ആശങ്കയുണ്ട്. സബ് ജയിലുകളിലും ഇതു തന്നെയാണ് അവസ്ഥ. അര്‍ഹതയുള്ള തടവുകാര്‍ക്ക് പരമാവധി പരോള്‍ അനുവദിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കിലും ജയിലിന് പുറത്ത് കോവിഡ് പിടിമുറുക്കിയതിനാല്‍ അത് എത്രമാത്രം പ്രായോഗികമാകുമെന്ന പുനരാലോചനയുമുണ്ട്. തടവുകാര്‍ക്കുള്ള ചികിത്സയും നിരീക്ഷണവും ജയിലിനകത്തു തന്നെ ഒരുക്കുന്നതാണ് പ്രായോഗികമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്.

ഈ സാഹചര്യത്തില്‍ ജയിലിലെ മുഴുവന്‍ അന്തേവാസികളെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കാന്‍ ജയില്‍ ഡിജിപി സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. പോസിറ്റീവ് ആകുന്നവരെ പരമാവധി ആശുപത്രിയിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല നെഗറ്റീവായ അന്തേവാസികളില്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് അടുത്ത ദിവസം മുതല്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങും. അന്തേവാസികളില്‍ പനിയും ശരീരവേദനയടക്കമുള്ള രോഗങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനു പുറമേ

ജയില്‍ തടവുകാര്‍ക്കിടയില്‍ കോവിഡ് വ്യാപകമാകുന്നതിനാല്‍ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രം തുടങ്ങാന്‍ ആലോചനയുണ്ട്. കഴിഞ്ഞവര്‍ഷം തോട്ടടയില്‍ ഇത്തരം കേന്ദ്രം തുറന്നിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ഇത് ഒഴിവാക്കിയത്. എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇത്തരം സെന്ററുകള്‍ ആരംഭിക്കുന്നതിലുംം ആശങ്കയുണ്ട്. കഴിഞ്ഞ പ്രാവശ്യം മൂന്നുതടവുകാര്‍ ഇവിടെനിന്നും ചാടിപ്പോകുകയും തുടര്‍ന്ന് പിടികൂടുകയും ചെയ്തിരുന്നു.

ഗുരുതര രോഗമില്ലാത്തവരെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് അയയ്ക്കുക. മാത്രമല്ല റിമാന്‍ഡ് ചെയ്യുന്ന തടവുകാരെ ഏഴുദിവസത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു ജയിലുകളിലേക്ക് മാറ്റിയത്. ജില്ലാ ആശുപത്രിയില്‍ പ്രായമായവരില്‍ കോവിഡ് രോഗബാധയുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തടവുകാര്‍ക്ക് മാത്രമായി ചികിത്സാകേന്ദ്രം തുടങ്ങാന്‍ ആലോചിക്കുന്നത്.

വിവിധ കേസുകളില്‍ അറസ്റ്റിലാകുന്നവരെയും ശിക്ഷാതടവുകാരെയും കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയശേഷമായിരിക്കും കോടതികളില്‍ നിന്നും സബ് ജയിലുകളിലേക്ക് കൊണ്ടുവരിക. കോവിഡ് പരിശോധനയില്‍ പോസിറ്റീവായവരെ അപ്പോള്‍ തന്നെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റും. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ശിക്ഷാതടവുകാരായ പ്രതികളെ നേരിട്ട് സെന്‍ട്രല്‍ ജയിലിലേക്ക് അയക്കില്ല.

പകരം കണ്ണൂര്‍ സബ് ജയിലില്‍ ഏഴുദിവസം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. തുടര്‍ന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലക്ക് മാറ്റുന്നത് ഈ രീതിയില്‍ മുന്‍പോട്ടു പോയാല്‍ കൊ വിഡ് നിയന്ത്രണം സാധ്യമാകുമെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here